
പത്തനംതിട്ട : റൈഡേഴ്സ് സംഘം സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 22കാരന് ദാരുണാന്ത്യം. തിരുവനന്തപുരം സ്വദേശി നിവിൻ ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന ബാലരാമപുരം സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ പത്തരയോടെ കോന്നിയിൽ നിന്ന് തണ്ണിത്തോട്ടിലേക്കുള്ള യാത്രയ്ക്കിടെ എലിമുള്ളുംപ്ലാക്കൽ പേരുവാലിയിൽ വെച്ചായിരുന്നു അപകടം.
മുപ്പതോളം അംഗങ്ങളുള്ള റൈഡേഴ്സ് സംഘത്തോടൊപ്പം തിരുവനന്തപുരത്ത് നിന്ന് കോന്നിയിലെത്തിയതായിരുന്നു ഇവർ. ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ തേക്ക് മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബൈക്കിന്റെ ക്രാഷ് ഗാർഡ് മരത്തിലേക്ക് തുളച്ചുകയറിയ നിലയിലായിരുന്നു.
നിവിൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആംബുലൻസ് വിളിച്ച് പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചത്. മൃതദേഹം കോന്നി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.