
തിരുവനന്തപുരം : ബസ്സിനുള്ളിൽ യാത്രക്കാർ മദ്യപിച്ച സംഭവത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി പരിശോധന കർശനമാക്കാൻ കെഎസ്ആർടിസി. ദീർഘദൂര ബസ്സുകൾക്ക് പുറമെ ഹ്രസ്വദൂര ബസ്സുകളിലും പരിശോധന നടത്താൻ കെഎസ്ആർടിസി സിഎംഡി നിർദ്ദേശം നൽകി.
തലശ്ശേരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ്സിനുള്ളിൽ അഞ്ചംഗ സംഘം പരസ്യമായി മദ്യപിച്ചത് വിവാദമായിരുന്നു. സംഭവത്തിൽ കഴിഞ്ഞ ദിവസം മൂന്ന് പേരെ പന്തളം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
യാത്രക്കാരുടെ സുരക്ഷയും അച്ചടക്കവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അടിയന്തര ഇടപെടൽ. നേരത്തെ ദീർഘദൂര ബസ്സുകളിൽ മാത്രമായിരുന്നു പരിശോധനകൾ നടന്നിരുന്നത്. പുതിയ നിർദ്ദേശപ്രകാരം ഹ്രസ്വദൂര സർവീസുകളിലും ഇനി കർശന പരിശോധന ഉണ്ടാകും.
എക്സിക്യൂട്ടീവ് ഡയറക്ടറിന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും പരിശോധനകൾ ഏകോപിപ്പിക്കുക. മുൻകാലങ്ങളിൽ കെഎസ്ആർടിസിയിലെ ജീവനക്കാരായിരുന്നു എക്സിക്യൂട്ടീവ് ഡയറക്ടർ പദവി വഹിച്ചിരുന്നത്.
നിലവിൽ ഡിവൈഎസ്പി റാങ്കിന് മുകളിലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് ഈ ചുമതലയിലുള്ളത്. അതിനാൽ പരിശോധനകൾ കൂടുതൽ കർശനവും കാര്യക്ഷമവുമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.