Banner Ads

കെഎഎസിൽ നിയമന അട്ടിമറിക്ക് നീക്കമെന്ന് ആക്ഷേപം; 29 വകുപ്പുകളെ ഒഴിവാക്കി ചട്ടഭേദഗതി

തിരുവനന്തപുരം : കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ നിയമന അട്ടിമറിക്ക് യുഡിഎഫ് സർക്കാർ നീക്കം നടത്തുന്നതായി ആക്ഷേപം. കെഎഎസ് ചട്ടങ്ങൾ പരിഷ്കരിച്ചുകൊണ്ട് സുപ്രധാന തസ്തികകളും വകുപ്പുകളും ഒഴിവാക്കിയാണ് സർക്കാരിന്റെ പുതിയ നീക്കം. മുൻ ഇടതുപക്ഷ സർക്കാരിന്റെ സ്വപ്ന പദ്ധതിയെയാണ് പുതിയ ഭേദഗതിയിലൂടെ തകർക്കാൻ ശ്രമിക്കുന്നതെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.

കെഎഎസ് നിയമന പരിധിയിൽ ഉണ്ടായിരുന്ന 29 ഡിപ്പാർട്ട്‌മെന്റുകളെയാണ് സർക്കാർ ഒഴിവാക്കിയിരിക്കുന്നത്. സെക്രട്ടേറിയറ്റ് അണ്ടർ സെക്രട്ടറി, റവന്യൂ ഡെപ്യൂട്ടി കളക്ടർ തുടങ്ങിയ തസ്തികകളിലേക്കുള്ള നിയമനങ്ങളാണ് കെഎഎസിൽ നിന്ന് മാറ്റിയത്. ഇനി മുതൽ സർക്കാർ നിശ്ചയിക്കുന്ന രീതിയിലായിരിക്കും ഈ തസ്തികകളിലെ നിയമനങ്ങൾ നടക്കുക.

ഭാവി ഐഎഎസിനുള്ള ഫീഡർ സർവീസായിട്ടാണ് കെഎഎസ് വിഭാവനം ചെയ്തിരുന്നത്. എന്നാൽ കെഎഎസ് ഉദ്യോഗസ്ഥരെ ഐഎഎസിലേക്ക് പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകളിലും സർക്കാർ മാറ്റം വരുത്തിയിട്ടുണ്ട്. നിലവിലെ കെഎഎസ് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ ഇനി രണ്ടര മാസം മാത്രം ബാക്കിനിൽക്കെയാണ് സർക്കാരിന്റെ അപ്രതീക്ഷിത നീക്കം.

റാങ്ക് ലിസ്റ്റ് നിലനിൽക്കെ ചട്ടം ഭേദഗതി ചെയ്തത് നൂറുകണക്കിന് ഉദ്യോഗാർത്ഥികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. കരട് ചട്ടഭേദഗതിയിന്മേൽ പരാതികൾ അറിയിക്കാൻ വെറും ഏഴ് ദിവസം മാത്രമാണ് സമയം അനുവദിച്ചിരിക്കുന്നത്. പ്രിൻസിപ്പൽ സെക്രട്ടറി ബി അശോകാണ് ഈ ചട്ടഭേദഗതിക്ക് പിന്നിലെന്നും ആരോപണമുണ്ട്.