
തിരുവനന്തപുരം : ബിജെപിയിൽ നിന്ന് രാജിവെച്ച പത്മജ വേണുഗോപാലിനെ കോൺഗ്രസിലേക്ക് തിരിച്ചെടുക്കുന്ന കാര്യത്തിൽ എഐസിസിയുടെ നിലപാട് തേടി തീരുമാനമെടുക്കാൻ കെപിസിസി. പാർട്ടി വിട്ടുപോയതിൽ പത്മജ നടത്തിയ ക്ഷമാപണം മതിയെന്ന നിലപാടിലാണ് കെപിസിസി അധ്യക്ഷൻ അടക്കമുള്ള ഒരു വിഭാഗം നേതാക്കൾ.
എന്നാൽ പത്മജ ബിജെപിയെ പരസ്യമായി തള്ളിപ്പറയണമെന്നും തിരിച്ചുവരവിന് ഇനിയും കാത്തിരിക്കണമെന്നും വാദിക്കുന്നവരും പാർട്ടിയിലുണ്ട്. അടുത്ത മാസം കെ കരുണാകരന്റെ സ്മൃതിദിനത്തിന് മുൻപ് പത്മജ കോൺഗ്രസിലേക്ക് മടങ്ങിയെത്താനാണ് സാധ്യത. ബിജെപിയിലേക്ക് പോയതിൽ മുറിവേറ്റ കോൺഗ്രസിനോടും പ്രവർത്തകരോടും പത്മജ ഇന്നലെ ഹൃദയത്തിന്റെ ഭാഷയിൽ ക്ഷമാപണം നടത്തിയിരുന്നു.
ഈ ക്ഷമാപണം മാത്രം മതിയെന്നാണ് കെപിസിസി അധ്യക്ഷൻ ഉൾപ്പെടെയുള്ളവരുടെ നിലപാട്. പാർട്ടിയിലേക്ക് തിരികെ വരുന്നവർക്ക് മുന്നിൽ ഉപാധികൾ വെക്കുന്ന ശൈലി കോൺഗ്രസിനില്ലെന്നും ഇവർ വാദിക്കുന്നു. എങ്കിലും ഹൈക്കമാൻഡുമായി ആലോചിച്ച് അന്തിമ തീരുമാനമെടുക്കണമെന്നാണ് പൊതുവികാരം.
ക്ഷമാപണത്തിനപ്പുറം പത്മജ ഇനിയും ബിജെപിയെ തള്ളിപ്പറഞ്ഞിട്ടില്ലെന്നാണ് എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. മോദി സ്തുതിയിലടക്കം പത്മജയുടെ ഭാഗത്തുനിന്ന് പരസ്യമായ തിരുത്തൽ വേണമെന്ന് ഇവർ ആവശ്യപ്പെടുന്നു. ബിജെപി വിട്ട് ഒരു മാപ്പ് പറഞ്ഞ് അതിവേഗം കോൺഗ്രസിലേക്ക് മടങ്ങുന്നത് സിപിഎം രാഷ്ട്രീയ ആയുധമാക്കുന്നത് എതിർവിഭാഗം ഉയർത്തിക്കാട്ടുന്നു.
പത്മിനി തോമസിന് ഉപാധികൾ വേണ്ടെന്നും എന്നാൽ നിർണായക ഘട്ടത്തിൽ പാർട്ടിയെ മുറിവേൽപ്പിച്ച് പോയ പത്മജയുടെ കാര്യത്തിൽ അത്ര പെട്ടെന്ന് വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നുമാണ് ഇവരുടെ നിലപാട്. പാർട്ടിക്കുള്ളിലെ എതിർപ്പുകൾ അധികം നീളാനിടയില്ലെന്നാണ് സൂചന. അടുത്ത മാസം 23നാണ് കെ കരുണാകരന്റെ സ്മൃതിദിനം.