Banner Ads

പെട്രോളിലെ എഥനോൾ പരിശോധന: ശുദ്ധമായ പെട്രോൾ നൽകാനാകില്ലെന്ന് എണ്ണക്കമ്പനികൾ; പരമ്പരാഗത പരിശോധനയ്ക്ക് ഒരുങ്ങി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: പെട്രോളിൽ അനുവദനീയമായ അളവിലും കൂടുതൽ എഥനോൾ കലർത്തുന്നുണ്ടോയെന്ന് കണ്ടെത്താനുള്ള സംസ്ഥാന സർക്കാരിന്റെ പരിശോധനയ്ക്ക് തടസ്സമായി എണ്ണക്കമ്പനികളുടെ നിലപാട്. താരതമ്യ പരിശോധനയ്ക്കായി കലർപ്പില്ലാത്ത ശുദ്ധമായ പെട്രോൾ (Pure Petrol) നൽകാൻ കഴിയില്ലെന്ന് എണ്ണക്കമ്പനികൾ ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയെ അറിയിച്ചു. ഇതിനായി പ്രത്യേക ചട്ടമില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കമ്പനികൾ പിന്മാറിയത്.

കർണാടക സർക്കാർ നടത്തിയ പരിശോധനയിൽ പെട്രോളിൽ 31 ശതമാനം വരെ എഥനോൾ കണ്ടെത്തിയത് വലിയ വിവാദമായിരുന്നു. രാജ്യത്ത് 20 ശതമാനം വരെയാണ് അനുവദനീയമായ അളവ്. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി കേരളത്തിലും കർശന പരിശോധന നടത്താൻ തീരുമാനിച്ചത്.സർക്കാർ ലാബുകളിൽ ‘ഗ്യാസ് ക്രോമറ്റോഗ്രഫി’ എന്ന ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പരിശോധന നടത്താനായിരുന്നു പ്രാഥമിക തീരുമാനം. ഇതിനായി എണ്ണക്കമ്പനികളിൽ നിന്ന് വരുത്തിയ കിറ്റുകൾ മൂന്ന് ദിവസം മുൻപ് എത്തിയിരുന്നു.

എന്നാൽ ശുദ്ധമായ പെട്രോൾ ലഭ്യമാകാത്ത സാഹചര്യത്തിൽ, രാസവസ്തുക്കൾ കലർത്തിയുള്ള പരമ്പരാഗത പരിശോധനാ രീതി അവലംബിക്കാനാണ് സർക്കാർ ലാബുകളുടെ തീരുമാനം. വരുന്ന ആഴ്ച തന്നെ പരിശോധന പൂർത്തിയാക്കി ഫലം പുറത്തുവിട്ടേക്കും.പരിശോധനയിൽ എഥനോളിന്റെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയാൽ, കോടതിയെ സമീപിച്ച് എണ്ണക്കമ്പനികളിൽ നിന്ന് ശുദ്ധമായ പെട്രോൾ ലഭ്യമാക്കാനുള്ള നിയമനടപടികളിലേക്ക് സർക്കാർ കടന്നേക്കും.അതേസമയം, കർണാടകയിലെ പരിശോധന ശാസ്ത്രീയമല്ലെന്ന് വാദിച്ചാണ് കേന്ദ്ര സർക്കാരും എണ്ണക്കമ്പനികളും അവിടുത്തെ ഫലം തള്ളിക്കളഞ്ഞത്.

zകേരളത്തിലും പരമ്പരാഗത പരിശോധന നടത്തേണ്ടി വരുന്ന സാഹചര്യത്തിൽ, ഫലം പുറത്തുവന്നാൽ കേന്ദ്ര സർക്കാരിന്റെ നിലപാട് എന്തായിരിക്കുമെന്നതിലാണ് ഏവരുടെയും ആകാംക്ഷ. കൃത്യമായ അളവ് പരിശോധിക്കുന്നത് തടയാനുള്ള എണ്ണക്കമ്പനികളുടെ കുറുക്കുവഴിയാണ് ശുദ്ധമായ പെട്രോൾ നൽകാത്തതിന് പിന്നിലെന്ന വിമർശനവും ഇതിനോടകം ഉയർന്നിട്ടുണ്ട്.