Banner Ads

രാജസ്ഥാൻ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ മുന്നേറ്റം; ഭരണകക്ഷിയായ ബിജെപി പിന്നിൽ

ജയ്പൂർ : രാജസ്ഥാനിൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിയെ ബഹുദൂരം പിന്നിലാക്കി കോൺഗ്രസിന് വൻ മുന്നേറ്റം. 37 ജില്ലാ പഞ്ചായത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 24 എണ്ണത്തിൽ കോൺഗ്രസ് വ്യക്തമായ ലീഡ് നേടിയപ്പോൾ ബിജെപിക്ക് എട്ട് സീറ്റുകളിൽ മാത്രമാണ് മുന്നിലെത്താനായത്.

നാല് സീറ്റുകളിൽ സ്വതന്ത്രരാണ് ലീഡ് ചെയ്യുന്നത്. 419 പഞ്ചായത്ത് സമിതികളിൽ 177 ഇടങ്ങളിൽ കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടി. ബിജെപി 81 സീറ്റുകൾ സുരക്ഷിതമാക്കിയപ്പോൾ ലീഡ് ചെയ്യുന്ന 56 സ്വതന്ത്രരുടെ നിലപാട് പലയിടത്തും നിർണായകമാകും. ചുരു, ഭരത്പൂർ തുടങ്ങി ബിജെപിയുടെ ശക്തികേന്ദ്രങ്ങളിൽ വലിയ കടന്നുകയറ്റം നടത്താൻ കോൺഗ്രസിന് സാധിച്ചു.

ചുരുവിൽ 21 ജില്ലാ പഞ്ചായത്ത് സീറ്റുകൾ കോൺഗ്രസ് നേടിയപ്പോൾ ബിജെപി 17 സീറ്റുകളിലൊതുങ്ങി. ഭരത്പൂരിൽ കോൺഗ്രസ് 21 സീറ്റുകളും ബിജെപി 9 സീറ്റുകളും നേടി. രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി 354 പഞ്ചായത്ത് സമിതി സീറ്റുകളും രണ്ട് ജില്ലാ പഞ്ചായത്തുകളും നേടി.

ഭാരത് ആദിവാസി പാർട്ടി 168 സീറ്റുകളും സിപിഐഎം 43 പഞ്ചായത്ത് സമിതി സീറ്റുകളും മൂന്ന് ജില്ലാ പഞ്ചായത്ത് സീറ്റുകളും സ്വന്തമാക്കി. ബിഎസ്പി 36 സീറ്റുകളിലും ആം ആദ്മി പാർട്ടി രണ്ട് സീറ്റുകളിലും വിജയിച്ചു. സംസ്ഥാനത്തെ 41 ജില്ലകളിലായി 7543 പഞ്ചായത്ത് സമിതി സീറ്റുകളിലേക്കും 1275 ജില്ലാ പഞ്ചായത്ത് സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.

മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിക്ക് പ്രാദേശിക തലത്തിലുണ്ടായ ഈ തിരിച്ചടി വലിയ വെല്ലുവിളിയാകുമ്പോൾ 2028ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കോൺഗ്രസിന് ഫലം വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.