Banner Ads

ആറ്റിങ്ങലിൽ വാഹന പരിശോധനയ്ക്കിടെ എം.വി.ഡി ഉദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമം; ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങൽ കച്ചേരി ജംഗ്ഷന് സമീപം വാഹന പരിശോധനയ്ക്കിടെ മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി) ഉദ്യോഗസ്ഥനെ കാറിടിച്ച് തെറിപ്പിക്കാൻ ശ്രമം. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. പരിശോധനയ്ക്കായി വാഹനം കൈകാണിച്ച് തടഞ്ഞപ്പോൾ നിർത്താതെ മുന്നോട്ടെടുത്ത് ഉദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് എം.വി.ഡി അധികൃതർ വ്യക്തമാക്കി.

ഇടിയുടെ ആഘാതത്തിൽ ഉദ്യോഗസ്ഥൻ കാറിന്റെ ബോണറ്റിന് മുകളിലേക്ക് തെറിച്ചുവീഴുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ വിവിധ ഗതാഗത നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി വാഹനത്തിന് പിഴ ചുമത്തി. കൂടാതെ, അപകടകരമായ രീതിയിൽ വാഹനമോടിച്ച ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

പരിശോധനാ രീതിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം
അതേസമയം, സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഉദ്യോഗസ്ഥന്റെ പരിശോധനാ രീതിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനവും ഉയരുന്നുണ്ട്. രാത്രികാലങ്ങളിൽ സ്പീഡ് ബ്രേക്കറോ മറ്റ് സുരക്ഷാ മുന്നറിയിപ്പ് സംവിധാനങ്ങളോ സ്ഥാപിക്കാതെ റോഡിന് നടുവിലേക്ക് ഇറങ്ങിനിന്ന് പെട്ടെന്ന് കൈകാണിച്ച് വാഹനം തടഞ്ഞതാണ് അപകടസാഹചര്യം സൃഷ്ടിച്ചതെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.