
ബല്ലിയ: വിവാഹാഘോഷത്തിനിടെ അത്യുച്ചത്തിൽ ഡിജെ സംഗീതം മുഴക്കിയതിനെത്തുടർന്ന് നവജാത ശിശു മരിച്ചതായി പരാതി. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. ഡിജെയുടെ അമിത ശബ്ദം കുഞ്ഞിന്റെ ആരോഗ്യനില പെട്ടെന്ന് വഷളാക്കിയെന്നാണ് കുടുംബത്തിന്റെ ആരോപണം.കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. വിവാഹഘോഷയാത്രയ്ക്കിടെ ഡിജെ സംഗീതം അത്യുച്ചത്തിൽ മുഴക്കിയിരുന്നു.
ഇതിന് പിന്നാലെ വീട്ടിലുണ്ടായിരുന്ന നവജാത ശിശുവിന് കടുത്ത അസ്വസ്ഥത അനുഭവപ്പെടുകയും ആരോഗ്യനില മോശമാവുകയുമായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. കുഞ്ഞിനെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തെത്തുടർന്ന് കുഞ്ഞിന്റെ കുടുംബം പോലീസിൽ ഔദ്യോഗികമായി പരാതി നൽകി. ഡിജെ സംഘം മുഴക്കിയ അമിത ശബ്ദമാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
പരാതിയുടെ അടിസ്ഥാനത്തിൽ ബല്ലിയ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അതേസമയം, ഉച്ചത്തിലുള്ള ശബ്ദം കുഞ്ഞിന്റെ മരണത്തിന് നേരിട്ട് കാരണമായോ എന്ന് സ്ഥിരീകരിക്കാൻ വിശദമായ വൈദ്യപരിശോധനയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ആവശ്യമാണെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.