Banner Ads

ചേർത്തല കെഎസ്‌ആർടിസി ഡിപ്പോയിൽ ബസുകളിൽ നിന്ന് ഡീസൽ മോഷണം; ഒളിക്യാമറയിലൂടെ കുടുങ്ങിയ മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ

ചേർത്തല: ആലപ്പുഴ ചേർത്തല കെഎസ്‌ആർടിസി ഡിപ്പോയിൽ ബസുകളിൽ നിന്ന് ഡീസൽ മോഷ്ടിച്ചുവിറ്റ സംഭവത്തിൽ മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ. മെക്കാനിക്കൽ വിഭാഗത്തിലെ ജീവനക്കാരായ കണ്ണൻ, ശരത്, ജയേഷ് എന്നിവരെയാണ് കെഎസ്‌ആർടിസി അധികൃതർ സസ്പെൻഡ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ (ATO) ചേർത്തല പോലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.

ബസുകളുടെ മൈലേജ് പെട്ടെന്ന് കുറഞ്ഞതിനെ തുടർന്ന് ഡിപ്പോയിൽ നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് ഡീസൽ മോഷണം പുറത്തുവന്നത്. സർവീസ് കഴിഞ്ഞ് ഡിപ്പോയിൽ തിരിച്ചെത്തുന്ന ബസുകളിൽ നിന്ന് പ്രതിദിനം 10 മുതൽ 25 ലിറ്റർ വരെ ഡീസൽ ചോർത്തുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന്, ആഭ്യന്തര അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ സ്വന്തം പണം മുടക്കി ബസുകളിൽ ഒളിക്യാമറ (സ്റ്റിംഗ് ക്യാമറ) സ്ഥാപിക്കുകയായിരുന്നു.

ഈ രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് ജീവനക്കാർ ഡീസൽ മോഷ്ടിക്കുന്നത് ക്യാമറയിൽ കുടുങ്ങിയത്. ഏറെ നാളായി ഈ സംഘം മോഷണം നടത്തിവന്നിരുന്നതായാണ് വിവരം.പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ ഉടൻതന്നെ ഔദ്യോഗികമായി കേസെടുക്കുമെന്ന് അധികൃതർ അറിയിച്ചു.