
കൽപ്പറ്റ: ഉരുൾപൊട്ടലിൽ ഒലിച്ചുപോയ വയനാട്ടിലെ ചൂരൽമല പാലത്തിന് പകരം ആധുനിക സാങ്കേതികവിദ്യയോടെ പുതിയ ഹൈടെക് പാലം ഒരുങ്ങുന്നു. 34 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പാലത്തിന്റെ പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ചൂരൽമല ടൗണിൽ തുടക്കമായി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് (ULCCS) നിർമ്മാണ ചുമതല.ദുരന്തസമയത്ത് സൈന്യം നിർമ്മിച്ച ബെയ്ലി പാലത്തിന് സമാന്തരമായാണ് പുതിയ പാലം പണിയുന്നത്.
ചൂരൽമല ടൗണിൽ നിന്ന് ആരംഭിച്ച് മറുകരയിൽ അട്ടമല-മുണ്ടക്കൈ റോഡുകൾ കൂടിച്ചേരുന്നിടത്താണ് പാലം അവസാനിക്കുക. നാല് വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.ഗർഡറുകൾ പരസ്പരം ചേർത്തുള്ള ‘ബോസ്ട്രിങ് ആർച്ച്’ (Bowstring Arch) മാതൃകയിലാണ് പാലം നിർമ്മിക്കുന്നത്. പുഴയിലേക്ക് തൂണുകൾ ഇല്ലാത്ത രീതിയിലാണ് ഇതിന്റെ രൂപകൽപ്പന.പുഴയ്ക്ക് മുകളിൽ 107 മീറ്ററും ഇരു കരകളിലുമായി 80 മീറ്റർ വീതവും പാലത്തിന് നീളമുണ്ടാകും. ഉയരം കൂട്ടി നിർമ്മിക്കുന്നതിനാലാണ് കരകളിൽ കൂടുതൽ നീളത്തിൽ അപ്രോച്ച് ഭാഗങ്ങൾ പണിയുന്നത്.
ദുരന്തസമയത്ത് പുന്നപ്പുഴയിലുണ്ടായ പരമാവധി ഉയർന്ന ജലനിരപ്പ് തിട്ടപ്പെടുത്തി അതിനേക്കാൾ ഉയരത്തിലാണ് പാലം നിർമ്മിക്കുന്നത്. ഭാവിയിൽ ഇനിയൊരു പ്രകൃതിക്ഷോഭമുണ്ടായാൽ പോലും അതിജീവിക്കാൻ ശേഷിയുള്ള വിധത്തിലാണ് നിർമ്മാണം.നിലവിൽ ചൂരൽമല ടൗണിൽ പാലത്തിന്റെ പൈലിംഗ് ജോലികൾ ആരംഭിച്ചു കഴിഞ്ഞു. പുതിയ പാലം യാഥാർത്ഥ്യമാകുന്നതോടെ മുണ്ടക്കൈ, അട്ടമല മേഖലകളിലേക്കുള്ള ഗതാഗതം പൂർണ്ണമായും സുരക്ഷിതവും സുഗമവുമാകും.