Banner Ads

പഴയ കാർ വിൽപ്പനയുടെ മറവിൽ രാസലഹരി കച്ചവടം; 101.57 ഗ്രാം എംഡിഎംഎയും 3.60 ലക്ഷം രൂപയുമായി പ്രധാന കണ്ണി പിടിയിൽ

മലപ്പുറം: പഴയ കാറുകളുടെ വിൽപ്പന മറയാക്കി രാസലഹരി വിൽപ്പന നടത്തിയിരുന്ന സംഘത്തിലെ പ്രധാനി പിടിയിൽ. പറപ്പൂർ പുഴച്ചാൽ കല്ലക്കയം റോഡിൽ ചിറയിൽ ദിൽരാജ് എന്ന ദിലു (38) ആണ് മലപ്പുറം ഡാൻസാഫിന്റെയും വേങ്ങര പൊലീസിന്റെയും സംയുക്ത പരിശോധനയിൽ പിടിയിലായത്. ഇയാളിൽ നിന്ന് 101.57 ഗ്രാം എംഡിഎംഎയും ലഹരിവിൽപ്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 3.60 ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തു.

മലപ്പുറം, കോട്ടക്കൽ, വേങ്ങര, കൂരിയാട്, ഇരിങ്ങല്ലൂർ തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ച് വ്യാപകമായി ലഹരിവിൽപ്പന നടത്തിയിരുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ദിൽരാജെന്ന് പൊലീസ് വ്യക്തമാക്കി. സെക്കൻഡ് ഹാൻഡ് കാറുകളുടെ കച്ചവടത്തിന്റെ മറവിലാണ് ഇയാൾ ലഹരി ഇടപാടുകൾ നടത്തിയിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

ഒരാഴ്ച മുമ്പ് വള്ളുവമ്പ്രം ചീനിക്കലിൽ നിന്ന് ദിൽരാജിന്റെ അമ്മാവൻ മനോജിനെയും സംഘത്തെയും 357 ഗ്രാം എംഡിഎംഎയുമായി മലപ്പുറം ഡാൻസാഫ് പിടികൂടിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് നടത്തിയ തുടരന്വേഷണമാണ് ദിൽരാജിലേക്ക് എത്തിയത്. സംഘത്തിന്റെ ലഹരി ഇടപാടുകളെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച പുലർച്ചെ നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതി വലയിലായത്.