
മലപ്പുറം: ജാമ്യത്തിലിറങ്ങി വിചാരണ നടപടികൾക്ക് കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞ പോക്സോ കേസ് പ്രതി തമിഴ്നാട്ടിൽ പിടിയിൽ. അസം നാഗോൺ സ്വദേശിയായ അലീമുൽ ഹഖിനെയാണ് (25) മലപ്പുറം പൊലീസ് കോയമ്പത്തൂർ ജില്ലയിൽ നിന്നും അറസ്റ്റ് ചെയ്തത്. മലപ്പുറം പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയാണ് ഇയാള്.കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയ പ്രതി പിന്നീട് കോടതി നടപടികളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു.
വിചാരണയുടെ വിവിധ ഘട്ടങ്ങളിൽ കോടതിയിൽ ഹാജരാകാൻ ആവർത്തിച്ച് നിർദ്ദേശിച്ചിട്ടും ഇയാൾ ഹാജരായിരുന്നില്ല. തുടർച്ചയായി മുങ്ങിയതിനെത്തുടർന്ന് മഞ്ചേരി സ്പെഷ്യൽ കോടതി പ്രതിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും, ഇയാളെ കണ്ടെത്താനായി പൊലീസ് അന്വേഷണം ശക്തമാക്കുകയും ചെയ്തു.പ്രതി ഒളിവിൽ കഴിയുന്നതിനെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് മലപ്പുറം പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക് തിരിക്കുകയായിരുന്നു.
കോയമ്പത്തൂർ ജില്ലയിലെ തൊണ്ടമുതൂരിൽ ഒളിവിൽ കഴിയുകയായിരുന്ന അലീമുൽ ഹഖിനെ പൊലീസ് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.