
നെടുമങ്ങാട്: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പി.ജി. വിദ്യാർഥിനിയായ ജൂനിയർ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സീനിയർ ഡോക്ടർ അറസ്റ്റിൽ. ആശുപത്രിയിലെ ജനറൽ മെഡിസിൻ വിഭാഗം ഡോക്ടറായ ബിനുവാണ് പിടിയിലായത്. ഡി.വൈ.എഫ്.ഐ ഉൾപ്പെടെയുള്ള യുവജന സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് ഇന്നലെ രാത്രി വൈകിയാണ് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ഇന്നലെ പകലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആശുപത്രിയിലെ തന്റെ മുറിയിലെത്തിയ ജൂനിയർ ഡോക്ടറോട് ഡോ. ബിനു അപമര്യാദയായി പെരുമാറുകയും കയറിപ്പിടിക്കാൻ ശ്രമിക്കുകയുമായിരുന്നു. പ്രതിരോധിച്ച യുവതി മുറിയിൽ നിന്ന് ഇറങ്ങിയോടി രക്ഷപ്പെടുകയും ഉടൻതന്നെ പോലീസിൽ പരാതി നൽകുകയും ചെയ്തു.ഇന്നലെ ഉച്ചയോടെ യുവതി പരാതി നൽകിയിട്ടും പോലീസ് വേണ്ടത്ര ഗൗരവം കാണിച്ചില്ലെന്നും കേസെടുക്കാൻ വൈകിയെന്നും ശക്തമായ ആക്ഷേപം ഉയർന്നിട്ടുണ്ട്.
യുവജന സംഘടനകളുടെ പ്രതിഷേധം ശക്തമായതോടെയാണ് രാത്രിയോടെ കേസെടുക്കാനും പ്രതിയെ പിടികൂടാനും പോലീസ് തയ്യാറായത്.അറസ്റ്റിലായ ഡോ. ബിനുവിനെ ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.