Banner Ads

എംജി സർവകലാശാലയിലെ മാധ്യമ നിയന്ത്രണം ജനാധിപത്യവിരുദ്ധം; ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് മന്ത്രി റോജി എം. ജോൺ

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ മാധ്യമപ്രവർത്തകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണത്തിനെതിരെ രൂക്ഷവിമർശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. ഏകാധിപത്യ പ്രവണതയുടെ ഭാഗമായാണ് വൈസ് ചാൻസിലർ ഇത്തരമൊരു ഉത്തരവിറക്കിയതെന്നും, വിവാദ ഉത്തരവ് അടിയന്തരമായി പിൻവലിക്കാൻ സർവകലാശാലാ അധികൃതർ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

സർവകലാശാലാ ക്യാമ്പസിൽ മാധ്യമപ്രവർത്തകർ പ്രവേശിക്കുന്നതിനും വാർത്തകൾ ശേഖരിക്കുന്നതിനും വൈസ് ചാൻസിലറുടെ മുൻകൂർ അനുമതി നിർബന്ധമാക്കിക്കൊണ്ടുള്ള നടപടിയാണ് വിവാദമായിരിക്കുന്നത്. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു മന്ത്രി.മാധ്യമങ്ങളെ വിലക്കിക്കൊണ്ടുള്ള ഉത്തരവ് തികച്ചും ജനാധിപത്യവിരുദ്ധമാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തരം ഏകാധിപത്യ നടപടികൾ ഒരു കാരണവശാലും അനുവദിക്കില്ല.

മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കാൻ ആര് ശ്രമിച്ചാലും അത്തരം നീക്കങ്ങളെ ശക്തമായി എതിർക്കും. പൊതുസമൂഹം അറിയേണ്ട വാർത്തകൾ തടയുന്നത് ശരിയായ പ്രവണതയല്ല.വിവാദമായ മാധ്യമ നിയന്ത്രണ ഉത്തരവ് ഉടൻ റദ്ദാക്കി ക്യാമ്പസിൽ മാധ്യമ സ്വാതന്ത്ര്യം ഉറപ്പുവരുത്താൻ വൈസ് ചാൻസിലറും സർവകലാശാലാ അധികൃതരും തയ്യാറാകണം.