Banner Ads

മെസ്സി തട്ടിപ്പ് കേസ്: മുൻ മന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർത്തുള്ള സർക്കാർ ഉത്തരവ് ഇന്ന്; പ്രതിപ്പട്ടിക നീളും

തിരുവനന്തപുരം : ലയണൽ മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരാമെന്ന് പറഞ്ഞ് നടത്തിയ സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ കായിക മന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാനുള്ള സർക്കാർ അനുമതി ഉത്തരവ് ഇന്ന് പുറത്തിറങ്ങും. കേസിൽ അന്വേഷണം കൂടുതൽ വേഗത്തിലാക്കാനാണ് സർക്കാരിന്റെ തീരുമാനം.

ഉത്തരവ് പുറത്തിറങ്ങുന്നതോടെ പ്രത്യേക അന്വേഷണ സംഘം വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. മുൻ മന്ത്രി വി അബ്ദുറഹ്മാൻ, പ്രൈവറ്റ് സെക്രട്ടറി സത്യവാലൻ, മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി എന്നിവരെ പ്രതിചേർത്തായിരിക്കും എസ്ഐടി കോടതിയിൽ റിപ്പോർട്ട് നൽകുക.

നിലവിൽ വി അബ്ദുറഹ്മാൻ, റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിൻ എന്നിവരടക്കം നാല് പേരാണ് കേസിലെ പ്രതികൾ. വരും ദിവസങ്ങളിൽ പ്രതിപ്പട്ടികയിലേക്ക് കൂടുതൽ പേർ ഉൾപ്പെടാനും സാധ്യതയുണ്ട്. മെസ്സിയെ കേരളത്തിലെത്തിക്കുന്നതിനായി പണം മുടക്കിയ ധനകാര്യ സ്ഥാപനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

ഇവരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ എസ്ഐടി ഇതിനകം ശേഖരിച്ചുകഴിഞ്ഞു. കൂടാതെ ഇടപാടുകളുടെ വിശദാംശങ്ങൾ തേടി അർജന്റീന ഫുട്ബോൾ അസോസിയേഷനെ സമീപിക്കാനും അന്വേഷണ സംഘം ഒരുങ്ങുകയാണ്. അവിടെ നിന്നുള്ള വിവരങ്ങൾ കൂടി ലഭിച്ച ശേഷമായിരിക്കും കേസിലെ കൂടുതൽ ചോദ്യം ചെയ്യലുകൾ നടക്കുക.

അഴിമതി നിരോധന നിയമപ്രകാരം വി അബ്ദുറഹ്മാനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ ഇന്നലെ അനുമതി നൽകിയിരുന്നു. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് അന്യായമായ സാമ്പത്തിക ലാഭമുണ്ടാക്കാൻ അബ്ദുറഹ്മാൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.