
തിരുവനന്തപുരം : എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ സമരപ്പന്തൽ പൊളിച്ചുനീക്കിയ സർക്കാർ-പോലീസ് നടപടിക്കെതിരെ രൂക്ഷവിമർശനവുമായി സമരസമിതി കൺവീനർ എസ് വളർമതി. കഴിഞ്ഞ ദിവസം സമരവേദിയിലെത്തിയ പോലീസ് വളർമതിയെയും സംഘത്തെയും ബലംപ്രയോഗിച്ച് വലിച്ചിഴച്ചാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
നിരാഹാര സമരം തുടരുന്ന വളർമതിയുടെ ആരോഗ്യനില കണക്കിലെടുത്താണ് നീക്കമെന്നായിരുന്നു പോലീസിന്റെ വിശദീകരണം. എന്നാൽ തന്റെ ആരോഗ്യം കണക്കിലെടുത്താണോ രാത്രിയുടെ മറവിൽ ഇതൊക്കെ കാട്ടിക്കൂട്ടിയതെന്ന് വളർമതി ചോദിച്ചു. വലിച്ചിഴച്ചുകൊണ്ടുപോകാൻ ഞങ്ങൾ ക്രിമിനൽ കേസിലകപ്പെട്ട പ്രതികളല്ല സാർ.
തൊഴിലിനുവേണ്ടി ഗാന്ധിമാർഗത്തിലൂടെ സമാധാനപരമായി സമരം ചെയ്യുന്നവരാണ് ഞങ്ങൾ. സമരപ്പന്തൽ പൊളിക്കാൻ വേണ്ടിയാണോ തന്നെ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് അറിയണം. പോലീസിന്റെ പെരുമാറ്റം ഒട്ടും ശരിയായില്ല. കേരളത്തിലല്ലാതെ മറ്റൊരു സംസ്ഥാനത്തും ഇത്തരം നടപടികൾ നടക്കില്ലെന്നും വളർമതി പറഞ്ഞു.
പ്രതിപക്ഷത്തിരിക്കുമ്പോൾ പറഞ്ഞ കാര്യങ്ങളല്ല സർക്കാർ ഇപ്പോൾ പറയുന്നതെന്ന് വളർമതി കുറ്റപ്പെടുത്തി. നിയമസഭയിൽ അവതരിപ്പിച്ച കള്ളക്കണക്കുകൾ ആവർത്തിക്കരുത്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട യുഡിഎഫിന്റെയും മുസ്ലിം ലീഗിന്റെയും അനുകൂലികളായ ചിലരാണ് മന്ത്രിയെ വിളിച്ചതെന്നും അവരാരും ഈ സമരത്തിലില്ലെന്നും അവർ ആരോപിച്ചു.
ഞങ്ങൾ കൂടി വോട്ട് ചെയ്തിട്ടാണ് നിങ്ങൾ അധികാരത്തിലേറിയത്. കോഴക്കാർ മാത്രമല്ല വോട്ട് ചെയ്തത് എന്നും വളർമതി തുറന്നടിച്ചു.