
കൊച്ചി : വാഴക്കുലകളിൽ ഒളിപ്പിച്ച് കേരളത്തിലേക്ക് എംഡിഎംഎ കടത്തിയ കേസിൽ കർണാടക പോലീസും അന്വേഷണം ആരംഭിച്ചു. കേസിന്റെ വിശദാംശങ്ങൾ തേടി കർണാടക പോലീസ് എറണാകുളം റൂറൽ പോലീസിനെ സമീപിച്ചു. അതിനിടെ കേസിലെ മുഖ്യപ്രതി ഡാനി ഭായ് എന്നറിയപ്പെടുന്ന ധനേഷ് എസ് നായരുടെ മൂന്ന് കൂട്ടാളികളെ കൂടി പോലീസ് തിരിച്ചറിഞ്ഞു.
ആലപ്പുഴ, എറണാകുളം സ്വദേശികളായ ഇവർ നിലവിൽ ഒളിവിലാണ്. മൂന്ന് ദിവസമായി ഇവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ആണ്. വീടുകളിൽ പരിശോധന നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. പ്രതികൾക്കായി ആലുവ പോലീസ് മൈസൂരുവിലും ബെംഗളൂരുവിലും നേരിട്ടെത്തി പരിശോധന നടത്തും.
കഴിഞ്ഞ ദിവസം ആലുവയിൽ 185 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലെ പ്രതി ഹരികൃഷ്ണന്റെ ഫോൺ പരിശോധിച്ചപ്പോഴാണ് വാഴക്കുലയ്ക്കുള്ളിൽ ഒളിപ്പിച്ചുള്ള പുതിയ ലഹരിക്കടത്ത് രീതി പോലീസ് കണ്ടെത്തിയത്. ജർമനിയിൽ നിന്ന് അഗ്രികൾച്ചറിൽ ബിരുദം നേടിയ ധനേഷ് മികച്ച യുവകർഷകനുള്ള പുരസ്കാരങ്ങളടക്കം നേടിയ വ്യക്തിയാണ്.
മൈസൂരുവിലെ നഞ്ചൻഗുഡുവിൽ ഇയാൾക്ക് വാഴത്തോട്ടമുണ്ട്. ഇതിന്റെ മറവിലായിരുന്നു ആസൂത്രിതമായ ലഹരിക്കടത്ത്. കേരളത്തിലേക്ക് വരുന്ന വാഴക്കുല ലോഡുകളിൽ ചിലതിൽ ധനേഷ് ഒളിപ്പിച്ചു കടത്തുന്ന ലഹരിമരുന്നുകളുമുണ്ടാകും. അങ്കമാലിയിൽ നിന്നാണ് 803 ഗ്രാം ഹാഷിഷ് ഓയിലും എട്ട് ഗ്രാം എംഡിഎംഎയുമായി ധനേഷിനെ പോലീസ് പിടികൂടിയത്.
ലഹരിക്കടത്തിനായി യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിലും ഇയാൾ പ്രധാന കണ്ണിയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയുടെ ഫോണിൽ നിന്നടക്കം കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.