Banner Ads

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടയ്ക്കുള്ളിൽ വലിച്ചുകയറ്റി ഉപദ്രവിച്ച കേസ്; 73കാരന് 14 വർഷം കഠിനതടവും പിഴയും

തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലം പ്രയോഗിച്ച് കടയ്ക്കുള്ളിലേക്ക് വലിച്ചുകയറ്റി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 73കാരന് 14 വർഷം കഠിനതടവും 40000 രൂപ പിഴയും ശിക്ഷ. അരുവിക്കര വട്ടകുളം ലക്ഷംവീട് നമ്പർ 15ൽ ശശിധരനെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി വി വിനോദ് ശിക്ഷിച്ചത്.

പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും പിഴയൊടുക്കിയില്ലെങ്കിൽ മൂന്ന് മാസം അധിക കഠിനതടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു. 2024ലായിരുന്നു സംഭവം. രാവിലെ സ്കൂളിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയെ അരുവിക്കര ജംഗ്ഷനിൽ ലോട്ടറിക്കട നടത്തിയിരുന്ന പ്രതി ബലം പ്രയോഗിച്ച് കടയ്ക്കുള്ളിലേക്ക് വലിച്ചുകയറ്റി വാതിലടച്ച് ഉപദ്രവിക്കുകയായിരുന്നു.

കുട്ടി ഉറക്കെ നിലവിളിച്ചതോടെ പ്രതി വാതിൽ തുറന്ന് കുട്ടിയെ പുറത്തുവിട്ടു. സ്കൂളിലെത്തിയ ശേഷം ഭയന്നുവിറച്ചിരുന്ന കുട്ടിയോട് അധ്യാപിക കാര്യം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ ഡിആർ പ്രമോദ് കോടതിയിൽ ഹാജരായി.

കേസിൽ 19 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിക്കുകയും 31 രേഖകളും ഏഴ് തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. അന്നത്തെ അരുവിക്കര പോലീസ് ഇൻസ്പെക്ടർ മുരളീകൃഷ്ണനാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.