
തിരുവനന്തപുരം : വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ തിരുനാൾ മഹോത്സവത്തോടനുബന്ധിച്ച് നാളെ (13/11/2026) ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ അഞ്ജു കെഎസ് ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കുമാണ് അവധി ബാധകം.
കൂടാതെ നേരത്തെ നെയ്യാറ്റിൻകര താലൂക്കിൽ ഉൾപ്പെട്ടിരുന്നതും നിലവിൽ കാട്ടാക്കട താലൂക്കിന്റെ ഭാഗമായതുമായ പത്ത് വില്ലേജ് പരിധികളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അമ്പൂരി, വാഴിച്ചൽ, കള്ളിക്കാട്, ഒറ്റശേഖരമംഗലം, കീഴാറൂർ, കുളത്തുമ്മൽ, മാറനല്ലൂർ, മലയിൻകീഴ്, വിളവൂർക്കൽ, വിളപ്പിൽ എന്നീ വില്ലേജ് പരിധികളിൽ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഉച്ചയ്ക്ക് ശേഷം അവധിയായിരിക്കും.
അതേസമയം മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്നും കളക്ടറുടെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.