Banner Ads

കോഴിക്കോട് ചെറുവണ്ണൂർ മേൽപ്പാല നിർമ്മാണം: ഫറോക്ക്–ചെറുവണ്ണൂർ പാതയിൽ പൂർണ്ണ ഗതാഗത നിരോധനം; ബദൽ വഴികളറിയാം

ചെറുവണ്ണൂർ : കോഴിക്കോട് നഗരപാത വികസന പദ്ധതിയുടെ ഭാഗമായി ചെറുവണ്ണൂർ മേൽപ്പാലത്തിൽ ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഫറോക്ക് പുതിയപാലം മുതൽ ചെറുവണ്ണൂർ ജംഗ്ഷൻ വരെയുള്ള റോഡിൽ നവംബർ 9 രാത്രി 10 മണി മുതൽ നവംബർ 12 രാത്രി 12 മണി വരെ പൂർണമായും ഗതാഗതം നിരോധിച്ചതായി അധികൃതർ അറിയിച്ചു.

യാത്രക്കാർക്കായി ബദൽ ഗതാഗത മാർഗ്ഗങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ചരക്ക് വാഹനങ്ങൾ, കണ്ടെയ്‌നർ വാഹനങ്ങൾ, മൾട്ടി ആക്സിൽ ബസുകൾ എന്നിവ വെങ്ങളം–രാമനാട്ടുകര ദേശീയപാത 66 വഴി സർവീസ് നടത്തണം. മലപ്പുറം, കൊണ്ടോട്ടി, തൃശൂർ, യൂണിവേഴ്സിറ്റി ഭാഗങ്ങളിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന വാഹനങ്ങൾ പന്തീരാങ്കാവ്–തൊണ്ടയാട് വഴി നഗരത്തിലേക്ക് പ്രവേശിക്കണം.

കടലുണ്ടി, ഫറോക്ക്, ചാലിയം ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ ഫറോക്ക് ചുങ്കം വഴി അഴിഞ്ഞിലം ജംഗ്ഷനിലെത്തി പന്തീരാങ്കാവ്–തൊണ്ടയാട് വഴി സഞ്ചരിക്കണം. ബേപ്പൂർ, മീഞ്ചന്ത ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ ഫറോക്ക് ഭാഗത്തേക്ക് പോകാൻ അരീക്കാട്–ഒളവണ്ണ–പന്തീരാങ്കാവ് വഴി തിരഞ്ഞെടുക്കണം. പാളയം, ബീച്ച്, റെയിൽവേ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ ഫറോക്കിലേക്ക് മാങ്കാവ്–മാത്തറ–പന്തീരാങ്കാവ് വഴി സഞ്ചരിക്കണം.

പാലക്കാട്, തൃശൂർ ബസുകൾ രാമനാട്ടുകര ബസ് സ്റ്റാൻഡിൽ പ്രവേശിച്ച ശേഷം പന്തീരാങ്കാവ് ദേശീയപാത 66 വഴി നഗരത്തിലേക്ക് കടക്കണം. തിരുവനന്തപുരം–എറണാകുളം–കാസർഗോഡ് റൂട്ടിലെ കെഎസ്ആർടിസി ദീർഘദൂര ബസുകൾ പൂർണ്ണമായും ദേശീയപാത 66 വഴി സർവീസ് നടത്തണം.

മലപ്പുറം, തിരൂർ, നിലമ്പൂർ ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ രാമനാട്ടുകര സ്റ്റാൻഡിൽ പ്രവേശിച്ച് എയർപോർട്ട് റോഡ് ജംഗ്ഷൻ–പന്തീരാങ്കാവ്–മാത്തറ–മാങ്കാവ് വഴി കോഴിക്കോട്ടേക്ക് വരണം. തിരികെ പോകുമ്പോൾ മീഞ്ചന്ത–അരീക്കാട്–ഒളവണ്ണ–പന്തീരാങ്കാവ്–രാമനാട്ടുകര സ്റ്റാൻഡ് വഴി സഞ്ചരിക്കണം.