
ഹാവേരി : കോൺഗ്രസിന്റെ ദില്ലി സമരത്തിൽ പങ്കെടുക്കാതിരുന്ന കർണാടകത്തിലെ നേതാക്കൾക്കും ഭാരവാഹികൾക്കുമെതിരെ നടപടി. യൂത്ത് കോൺഗ്രസ് ഹാവേരി ജില്ലാ പ്രസിഡന്റും കർണാടക ഷുഗർ-ടെക്സ്റ്റൈൽസ് വകുപ്പ് മന്ത്രി രുദ്രപ്പ ലമാണിയുടെ മകനുമായ ദർശൻ കുമാർ ലമാണി അടക്കം ആറ് നേതാക്കളെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.
ഉത്തര കന്നഡ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുബ്രഹ്മണ്യ സിർസിക്കർ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ അബ്ദുൽ അസീസ്, സൂരജ് അവാതി, പവൻ സാലിയാൻ, അഭിഷേക് സി എന്നിവരാണ് നടപടി നേരിട്ട മറ്റ് നേതാക്കൾ. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷന്റെ നിർദേശപ്രകാരമാണ് എഐസിസി നടപടി സ്വീകരിച്ചത്.
അടുത്ത ഉത്തരവുണ്ടാകുന്നതുവരെയാണ് സസ്പെൻഷൻ. നവംബർ ഒന്നിന് ദില്ലി രാംലീല മൈതാനിയിൽ സംഘടിപ്പിച്ച ഇന്ത്യ സഖ്യ റാലിയിൽ പങ്കെടുക്കാതിരുന്നത് ഗൗരവത്തോടെയാണ് നേതൃത്വം കാണുന്നത്. ദില്ലി സമരത്തിൽ വിട്ടുനിന്നതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ നിരവധി നേതാക്കൾക്കെതിരെ കോൺഗ്രസ് മുൻപും നടപടിയെടുത്തിരുന്നു.
മധ്യപ്രദേശിൽ അറുപതോളം നേതാക്കളെയും ഗുജറാത്തിൽ 49, രാജസ്ഥാനിൽ 31, ഹിമാചൽ പ്രദേശിൽ 13, ഹരിയാനയിൽ 10 യൂത്ത് കോൺഗ്രസ് നേതാക്കളെയും നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.