
തിരുവനന്തപുരം : പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർഥി അഭിരാമിനെ (17) കൊലപ്പെടുത്തിയ കേസിൽ പെൺകുട്ടിയടക്കം മൂന്ന് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മണക്കാട് സ്വദേശിയായ ഐടിഐ വിദ്യാർഥിനി അനന്ദ, ശ്രീകാര്യം സ്വദേശി ഉമർ, അഭിറാമിന്റെ സുഹൃത്തായ പതിനേഴുകാരൻ എന്നിവരാണ് അറസ്റ്റിലായത്.
പ്രതിയായ പെൺകുട്ടിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി സന്ദേശമയച്ചാണ് അഭിറാമിനെ സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തിയതെന്ന് പൊലീസ് കണ്ടെത്തലിൽ വ്യക്തമാകുന്നു. അതേസമയം മകനെ കാണാതായെന്ന വിവരമറിയിച്ചപ്പോൾ ആദ്യഘട്ടത്തിൽ അന്വേഷണം നടത്തുന്നതിൽ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് അഭിറാമിന്റെ പിതാവ് മധുകുമാർ പ്രതികരിച്ചു.
അഭിറാമിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മറ്റൊരു കുട്ടിയെ അഭിറാം വഴി വിളിച്ചുവരുത്താനാണ് തങ്ങൾ ലക്ഷ്യമിട്ടതെന്നും എന്നാൽ അഭിറാമുമായി പെട്ടെന്നുണ്ടായ വാക്കുതർക്കത്തെ തുടർന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്നും പ്രതിയായ പതിനേഴുകാരൻ തെളിവെടുപ്പിനിടെ വെളിപ്പെടുത്തി.
സംഭവസ്ഥലത്ത് ഇൻക്വസ്റ്റ്, ഫോറൻസിക് പരിശോധനകൾ പൂർത്തിയായി. കേസിൽ കസ്റ്റഡിയിലുള്ള പെൺകുട്ടിക്കും കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്.
അറസ്റ്റിലായ ഉമർ കാപ്പ കേസ് പ്രതിയും വിവിധ പൊലീസ് സ്റ്റേഷനുകളിൽ മോഷണം, ലഹരി കടത്ത്, അടിപിടി തുടങ്ങിയ കേസുകളിൽ പ്രതിയുമാണ്. പ്രണയബന്ധവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.