
തിരുവനന്തപുരം : ചേരാനല്ലൂർ വാഹനാപകടക്കേസിലെ വീഴ്ചകളിൽ കർശന നടപടിയുമായി സംസ്ഥാന സർക്കാർ. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷിനെ ചുമതലയിൽ നിന്ന് മാറ്റി. പകരം ആർ നിശാന്തിനിയെ കൊച്ചി കമ്മീഷണറായി നിയമിച്ചു. പി പ്രകാശ് ദക്ഷിണമേഖല ഐജിയാകും. എസ്സിആർബിയുടെ ചുമതലയും പ്രകാശ് തുടരും.
ഇത് സംബന്ധിച്ച് സര്ക്കാര് ഉത്തരവ് പുറത്തിറങ്ങി. ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശപ്രകാരം പുറത്തിറക്കിയ ഉത്തരവിലാണ് ഈ സ്ഥലംമാറ്റങ്ങൾ. അഡീഷണൽ ജഡ്ജിയുടെ മകനായ 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് 55കാരൻ മരിച്ച സംഭവത്തിൽ വീഴ്ച വരുത്തിയ ചേരാനല്ലൂർ സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു.
സിഐ ശ്യാം കുമാർ, എസ്എച്ച്ഒ വിശ്വജിത്ത്, ഗ്രേഡ് എസ്ഐ മനോജ്, സിപിഒ അരുൺ ജിത്ത് എന്നിവർക്കെതിരെയാണ് ആഭ്യന്തര മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിനെ തുടർന്ന് നടപടി സ്വീകരിച്ചത്. ഇതിന് പിന്നാലെയാണ് ഉന്നതതലത്തിലും അഴിച്ചുപണി നടത്തിയിരിക്കുന്നത്.