
തിരുവനന്തപുരം : കോവിഡ് കാലത്ത് 15 കാരിയെ പീഡിപ്പിച്ച കേസിൽ 73കാരനായ പാസ്റ്റർക്ക് ഏഴ് വർഷം കഠിനതടവും 50000 രൂപ പിഴയും. മംഗലയ്ക്കൽ ഊറ്റുകുഴി പാപ്പനത്ത് വീട്ടിൽ സുശീലനെയാണ് കാട്ടാക്കട പോക്‌സോ കോടതി ശിക്ഷിച്ചത്. പിഴത്തുക പെൺകുട്ടിക്ക് നൽകണം. തുക ഒടുക്കിയില്ലെങ്കിൽ പ്രതി രണ്ടുമാസം കൂടി അധിക തടവ് അനുഭവിക്കേണ്ടിവരുമെന്നും വിധിയിൽ വ്യക്തമാക്കുന്നു.
2020ലെ കോവിഡ് കാലത്ത് പ്രാർത്ഥനയ്ക്കായി പെൺകുട്ടിയുടെ വീട്ടിലെത്തിയപ്പോഴാണ് കുറ്റകൃത്യം ചെയ്തത്. മാതാവ് അടുക്കളയിലേക്ക് പോയ സമയത്ത് കിടപ്പുമുറിയിൽ കയറി കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. ഭയം കാരണം കുട്ടി ആദ്യം വിവരം പുറത്തുപറഞ്ഞിരുന്നില്ല. പിന്നീട് സ്‌കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടെയാണ് പീഡനവിവരം കുട്ടി വെളിപ്പെടുത്തിയത്.