
പയ്യോളി : കോഴിക്കോട് മണിയൂർ 13 കാരി ഇരയായ പോക്സോ കേസിൽ പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായ ഗുരുതര വീഴ്ചയെ തുടർന്ന് രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. അന്നത്തെ പയ്യോളി സി ഐ ബാബുമോൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ (സിപിഒ/റൈറ്റർ) അബ്ദുൾ ഹമീദ് എന്നിവരെയാണ് അന്വേഷണ വിധേയമായി കോഴിക്കോട് നോർത്ത് ഐജി സസ്പെൻഡ് ചെയ്തത്.
കേസിലെ ഒന്നാം പ്രതിയായ വടകര സ്വദേശി അബ്ദുൽ റഫീഖിനെ അറസ്റ്റ് ചെയ്യാതിരുന്നതിലും പ്രതി വിദേശത്തേക്ക് കടന്നതിലും പിന്നീട് അയാൾക്ക് കോടതി വഴി ജാമ്യം ലഭിക്കാൻ സാഹചര്യം ഒരുങ്ങിയതിലും പോലീസിന് വീഴ്ച പറ്റി എന്ന ആരോപണം ഉയർന്നിരുന്നു. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് പാറക്കൽ അബ്ദുള്ള എംഎൽഎ ഉൾപ്പെടെയുള്ളവർ ആഭ്യന്തരമന്ത്രിയെ സമീപിക്കുകയും ചെയ്തിരുന്നു.
പത്തുമാസം മുമ്പ് സ്കൂളിൽ നടന്ന കൗൺസിലിങിനിടെയാണ് 13 വയസ്സുകാരി താൻ നേരിട്ട പീഡനവിവരം തുറന്നുപറയുന്നത്. കുട്ടിയുടെ മാതാവിന്റെ സുഹൃത്തായ അബ്ദുൽ റഫീഖ് ഭീഷണിപ്പെടുത്തിയും മർദ്ദിച്ചും രണ്ടു വർഷത്തോളം പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി.
പരാതിക്ക് പിന്നാലെ കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്ത പോലീസ് റഫീഖിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും ഇയാൾ വിദേശത്തേക്ക് കടക്കുകയായിരുന്നു. തുടർന്ന് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ച വിവരമറിഞ്ഞ് വിദേശത്തുനിന്നും നാട്ടിലെത്തിയ പ്രതി കഴിഞ്ഞ മാസം അവസാനം കോടതിയെ സമീപിച്ച് ജാമ്യമെടുത്തു.
അറസ്റ്റ് രേഖപ്പെടുത്താതെ പ്രതി ജാമ്യത്തിലിറങ്ങിയത് വലിയ പ്രതിഷേധത്തിനാണ് വഴിവെച്ചത്. പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങുകൾ നടക്കുന്ന ദിവസത്തിൽ ഉൾപ്പെടെ നാട്ടുകാർ പ്രതിയുടെ വീട്ടിലേക്കും പയ്യോളി പോലീസ് സ്റ്റേഷനിലേക്കും പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്.