Banner Ads

കേരളത്തിൽ നവംബറിൽ വീണ്ടും ലോഡ്ഷെഡിങ് ഭീഷണി; ഹിമാചലിൽ നിന്നുള്ള വൈദ്യുതി വാങ്ങലിൽ അനിശ്ചിതത്വം

തിരുവനന്തപുരം : സംസ്ഥാനത്ത് നവംബറിൽ വീണ്ടും ലോഡ്ഷെഡിങ് ഏർപ്പെടുത്തേണ്ടി വരുമോ എന്ന ആശങ്ക ശക്തമാകുന്നു. ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി വാങ്ങുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. വിഷയത്തിൽ സർക്കാർ അനുമതി തേടിയിരിക്കുകയാണ് കെഎസ്ഇബി.

മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും ചർച്ച നടത്തിയെങ്കിലും തീരുമാനത്തിലെത്താൻ കഴിഞ്ഞിട്ടില്ല. ഹിമാചൽ പ്രദേശ് യൂണിറ്റിന് 14.50 രൂപയാണ് ആവശ്യപ്പെടുന്നത്. എന്നാൽ നിരക്ക് 12.50 രൂപയായി കുറച്ചു കിട്ടുമെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി.

സർക്കാരിന്റെ അനുമതി ലഭിച്ച ശേഷമേ ഇളവുകൾക്കായി റെഗുലേറ്ററി കമ്മീഷനെ സമീപിക്കൂ എന്ന നിലപാടിലാണ് ബോർഡ്. പീക്ക് അവർ ആവശ്യങ്ങൾക്കായി ടെൻഡറുകൾ വിളിച്ചെങ്കിലും കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകാൻ കരാറുകാരാരും മുന്നോട്ടുവന്നില്ല. അടുത്ത മാസം പീക്ക് അവറുകളിൽ 738 മെഗാവാട്ട് വരെയുള്ള വൈദ്യുതിയുടെ കുറവാണ് സംസ്ഥാനം നേരിടാൻ പോകുന്നത്.

മേയ് മാസം വരെ 864 മെഗാവാട്ട് മുതൽ 1280 മെഗാവാട്ട് വരെ വൈദ്യുതി നൽകാൻ തങ്ങൾ തയ്യാറാണെന്ന് ഹിമാചൽ പ്രദേശ് അറിയിച്ചിട്ടുണ്ട്. സർക്കാരിന്റെ പച്ചക്കൊടി ലഭിച്ചാൽ മാത്രമേ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമാകൂ.