Banner Ads

അർണബ്’ അതിതീവ്ര ചുഴലിക്കാറ്റായി കരയിലേക്ക്; ആന്ധ്രയിലും ഒഡിഷയിലും കനത്ത ജാഗ്രത, പതിനായിരങ്ങളെ ഒഴിപ്പിച്ചു

വിശാഖപട്ടണം: ‘അർണബ്’ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറി കരയിലേക്ക് നീങ്ങാൻ തുടങ്ങിയതോടെ ആന്ധ്രാപ്രദേശിലും ഒഡിഷയിലും അതീവ ജാഗ്രതാ നിർദേശം. കാറ്റ് ശക്തി പ്രാപിച്ചതോടെ വിശാഖപട്ടണത്തും ഒഡിഷയിലും കനത്ത മഴ ആരംഭിച്ചു. ആന്ധ്രാ തീരത്ത് കടൽ പ്രക്ഷുബ്ധമാണ്.ആന്ധ്രാപ്രദേശിലെ യാനത്തിനും കാക്കിനടയ്ക്കും ഇടയിലുള്ള മേഖലയിലൂടെയാകും ‘അർണബ്’ കരയിൽ പ്രവേശിക്കുക. ബുധനാഴ്ച പുലർച്ചെയോടെ കാറ്റ് കരതൊടുമെന്നാണ് കാലാവസ്ഥാ പ്രവചനം.

കരതൊടുന്നതോടെ മണിക്കൂറിൽ 140 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിച്ചേക്കാം. കടലിൽ 14 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ കടലോര മേഖലകളിൽ കടുത്ത മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്.അപകടസാധ്യത മുന്നിൽക്കണ്ട് വൻ സുരക്ഷാ സന്നാഹങ്ങളാണ് ആന്ധ്രയിലും ഒഡിഷയിലും ഒരുക്കിയിട്ടുള്ളത്.ആന്ധ്രയിലെ കാക്കിനട തീരത്തുനിന്ന് മാത്രം 89,000 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.ആന്ധ്രയിലെ ഹോപ് ഐലൻഡിൽ ഉള്ളവരെ പൂർണമായും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

ഇരു സംസ്ഥാനങ്ങളിലുമായി 1400-ലധികം ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കി. നാലായിരത്തിലധികം ഗർഭിണികളെ മുൻകൂട്ടി സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചു.കടലിൽ പോയ മുഴുവൻ മീൻപിടിത്ത ബോട്ടുകളും സുരക്ഷിതമായി തീരത്ത് അടുപ്പിച്ചു.പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഗതാഗത മേഖലയിൽ വൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നാല് വിമാന സർവീസുകൾ റദ്ദാക്കുകയും നാലെണ്ണം വഴിതിരിച്ചുവിടുകയും ചെയ്തു.

72 ട്രെയിനുകൾ പൂർണമായി റദ്ദാക്കിയിട്ടുണ്ട്.ആന്ധ്രാ തീരത്ത് ഒന്നും രണ്ടും ദിവസങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പുണ്ട്. ഒഡിഷയിൽ അതിതീവ്ര മഴ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. ഇതിനുപുറമേ ഛത്തീസ്ഗഢ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും മഴ കനക്കുമെന്ന് അറിയിപ്പുണ്ട്. അയൽരാജ്യങ്ങളായ ശ്രീലങ്കയിലും നേപ്പാളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.