Banner Ads

വിജിലൻസിന്റെ ടി സെക്ഷൻ ആർടിഐ പരിധിക്ക് പുറത്ത്: വിജ്ഞാപനത്തെ ന്യായീകരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം : വിജിലൻസിലെ അതീവ രഹസ്യ സ്വഭാവമുള്ള ടി (T) സെക്ഷനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള സർക്കാർ വിജ്ഞാപനത്തെ ന്യായീകരിച്ച് ആഭ്യന്തരമന്ത്രി. ആർടിഐ നിയമത്തിൽ വെള്ളം ചേർക്കുന്ന നിലപാട് സർക്കാരിനില്ലെന്നും അന്വേഷണ ഘട്ടത്തിലെ വിവരങ്ങൾ ചോരുന്നത് പ്രതികൾക്ക് ഗുണം ചെയ്യുമെന്നതിനാലാണ് ഇത്തരമൊരു നടപടിയെന്നും മന്ത്രി വ്യക്തമാക്കി.

മൊഴികളും രേഖകളും അന്വേഷണ സമയത്ത് പുറത്തുവരുന്നത് കേസിനെ പ്രതികൂലമായി ബാധിക്കും. നിലവിൽ കുറ്റപത്രം ഉൾപ്പെടെ പരസ്യപ്പെടുത്തുന്നുണ്ട്. അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് വിവരങ്ങൾ ലഭ്യമാക്കുമെന്നും T1, T2 എന്നിവ ചെറിയ സെക്ഷനുകൾ മാത്രമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിജിലൻസിലെ T സെക്ഷനിലേക്ക് കൈമാറുന്ന കേസുകളുടെ വിവരങ്ങൾ ഇനി മുതൽ വിവരാവകാശ നിയമപ്രകാരം ലഭിക്കില്ല.

ഏതൊക്കെ രേഖകളും കേസുകളുമാണ് T സെക്ഷനിലേക്ക് മാറ്റേണ്ടതെന്ന് തീരുമാനിക്കാനുള്ള അധികാരം വിജിലൻസ് ഡയറക്ടർക്കായിരിക്കും. രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടുന്ന അഴിമതി കേസുകൾ ടി സെക്ഷനിലേക്ക് മാറ്റിയാൽ വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ പുറത്തുവരില്ലെന്ന വിമർശനം ഉയരുന്നുണ്ട്.

വിവരാവകാശ നിയമം നിലവിൽ വന്നപ്പോൾ രഹസ്യ വിഭാഗമായ ടി സെക്ഷനെ ഒഴിവാക്കിയിരുന്നെങ്കിലും 2022ൽ ഇത് വീണ്ടും വിവരാവകാശ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ പുതിയ വിജ്ഞാപനത്തോടെ ഈ വിവരങ്ങൾ വീണ്ടും രഹസ്യമായി തുടരും.