Banner Ads

തേനി സബ് ജയിലിൽ ജീവനക്കാരെ ആക്രമിച്ച് 17 തടവുകാർ ചാടിപ്പോയി; ഒരാൾ പിടിയിൽ, അതിർത്തികളിൽ ജാഗ്രത

ചെന്നൈ: തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ തെക്കമ്പട്ടി സബ് ജയിലിൽ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച് 17 തടവുകാർ തടവുചാടി. തിങ്കളാഴ്ച രാത്രിയാണ് സിനിമാറ്റിക് മോഡലിലുള്ള സംഭവം നടന്നത്. രക്ഷപ്പെട്ട തടവുകാരിൽ ഒരാളെ പോലീസ് പിടികൂടി. ബാക്കിയുള്ള 16 പേർക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.ഒരേ സെല്ലിൽ കഴിഞ്ഞിരുന്ന തടവുകാരാണ് ആസൂത്രിതമായി തടവുചാടിയത്.

തടവുകാരിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിക്കുകയായിരുന്നു. രോഗിയെ സഹായിക്കാനായി സെല്ലിന്റെ വാതിൽ തുറന്ന ജയിൽ ജീവനക്കാരെ തടവുകാർ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു.ആക്രമണത്തിൽ ഒരു ജയിൽ വാർഡന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. മറ്റ് രണ്ട് ജീവനക്കാർക്കും നിസ്സാര പരിക്കേറ്റിട്ടുണ്ട്.സംഭവത്തെ തുടർന്ന് തടവുകാരെ കണ്ടെത്താൻ 17 പ്രത്യേക പോലീസ് സംഘങ്ങളെ നിയോഗിച്ചു. തേനി, ദിണ്ടിഗൽ, മധുര തുടങ്ങിയ അയൽ ജില്ലകളിൽ പരിശോധന വ്യാപകമാക്കിയിട്ടുണ്ട്.

ദിണ്ടിഗലിൽ മാത്രം 16 ഇടങ്ങളിൽ പുതിയ ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചു.
പ്രതികൾ കേരളത്തിലേക്ക് കടക്കാനുള്ള സാധ്യത മുന്നിൽ കണ്ട് തമിഴ്‌നാട്-കേരള അതിർത്തി മേഖലകളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജയിൽ സുരക്ഷയിലുണ്ടായ ഗുരുതരമായ വീഴ്ചയെക്കുറിച്ചും തടവുകാർക്ക് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തെക്കുറിച്ചും ജയിൽ വകുപ്പും പോലീസും അന്വേഷണം നടത്തിവരികയാണ്.