
കൊച്ചി: ചേരാനല്ലൂരിൽ 17-കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് തട്ടുകട ഉടമയായ 55-കാരൻ മരിച്ച കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. കേസ് ഫയലുകൾ ക്രൈംബ്രാഞ്ചിന് (ഡിസിബി) കൈമാറി. അന്വേഷണത്തിന്റെ ഭാഗമായി ലോ ആൻഡ് ഓർഡർ എഐജി അനൂജ് പലിവാൾ ചേരാനല്ലൂർ സ്റ്റേഷനിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.അപകടമുണ്ടാക്കിയ 17-കാരന്റെ പിതാവായ അഡീഷണൽ മജിസ്ട്രേറ്റിന്റെ മൊഴി മുൻപ് രേഖപ്പെടുത്തിയിരുന്നെങ്കിലും അത് ഔദ്യോഗികമായി കൈപ്പറ്റിയിരുന്നില്ല.
അതിനാൽ ആവശ്യമായ മുൻകൂർ അനുമതികൾ വാങ്ങിയ ശേഷം ജഡ്ജിയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി വീണ്ടും മൊഴി രേഖപ്പെടുത്താനാണ് പോലീസിന്റെ തീരുമാനം. അതേസമയം, തന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല മകൻ വാഹനവുമായി പുറത്തുപോയതെന്നാണ് ജഡ്ജി നൽകിയിട്ടുള്ള പ്രാഥമിക മൊഴി.കേസിൽ അഡീഷണൽ മജിസ്ട്രേറ്റിന് വീഴ്ച പറ്റി എന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്ക് പോർട്ട്ഫോളിയോ ജഡ്ജ് റിപ്പോർട്ട് സമർപ്പിച്ചു.
മകൻ അപകടമുണ്ടാക്കി എന്നറിഞ്ഞ ഉടൻ ഔദ്യോഗിക അനുമതിയില്ലാതെ ജഡ്ജി പോലീസ് സ്റ്റേഷനിൽ എത്തിയത് ചട്ടലംഘനമാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ ഇത്തരം സാഹചര്യങ്ങളിൽ സ്റ്റേഷ സന്ദർശനം നടത്തുമ്പോൾ ജില്ലാ ജഡ്ജിയുടെ അനുമതി വാങ്ങേണ്ടതുണ്ടായിരുന്നു. ജഡ്ജിയെ സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടികളിൽ ഇന്ന് തീരുമാനമുണ്ടായേക്കും.അപകടത്തിന് പിന്നാലെ 17-കാരൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.
മുൻപ് വാഹനം ഓടിച്ചതിന്റെ തെളിവുകൾ നശിപ്പിക്കുന്നതിന്റെ ഭാഗമായാണ് അക്കൗണ്ട് നീക്കം ചെയ്തതെന്നാണ് സൂചന.അതേസമയം, സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് (MVD) കടുത്ത നടപടികളിലേക്ക് കടക്കുകയാണ്.മോട്ടോർ വാഹന നിയമപ്രകാരം അപകടമുണ്ടാക്കിയ 17-കാരന് 25 വയസ്സ് തികയുന്നതുവരെ ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിന് വിലക്കേർപ്പെടുത്തും.അപകടത്തിൽപ്പെട്ട ബെൻസ് കാറിന്റെ ആർസി (RC) സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികളും ആരംഭിച്ചു.