
കൊച്ചി : സിഎംആർഎൽ മാസപ്പടിക്കേസിൽ പിണറായി വിജയന് ആശ്വാസം. പിണറായി വിജയനെതിരെ വിജിലൻസ് കേസെടുക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. അപ്പീൽ ഹർജി ഫയലിൽ സ്വീകരിച്ച കോടതി ഇഡി അന്വേഷണം ഉൾപ്പെടെ സിംഗിൾ ബെഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള എല്ലാ തുടർനടപടികളും നിർത്തിവെക്കാനും എഫ്ഐആറിലെ നടപടികൾ മരവിപ്പിക്കാനും നിർദ്ദേശിച്ചു.
സിംഗിൾ ബെഞ്ച് വിധിക്കെതിരെ അപ്പീൽ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പിണറായി വിജയൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. നവംബർ 25ന് വാദം തുടങ്ങും. സിംഗിൾ ബെഞ്ച് വിധിയിലെ നിയമപ്രശ്നങ്ങൾ പരിശോധിക്കുമെന്നും കോടതി അറിയിച്ചു. ഹർജിയിൽ നാലാഴ്ചയ്ക്കകം ഇഡിയും വിജിലൻസും മറുപടി നൽകണമെന്ന് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്. നാലാഴ്ചയ്ക്ക് ശേഷമായിരിക്കും കേസിൽ വിശദമായ വാദം കേൾക്കുക.