
ദുബായ് : മിഡിൽ ഈസ്റ്റിൽ പുകയുന്ന നയതന്ത്ര-സൈനിക സംഘർഷങ്ങളിൽ പുതിയ ചർച്ചകൾക്ക് വഴിതുറക്കുന്നു. സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കി രാജ്യങ്ങളിലെ പ്രതിനിധികൾ ഇറാനിൽ വെച്ച് കൂടിക്കാഴ്ച നടത്തും. സൗദി പ്രതിരോധ മന്ത്രി, പാകിസ്ഥാൻ സേനാ മേധാവി, തുർക്കി ഇന്റലിജൻസ് മേധാവി എന്നിവരാണ് ചർച്ചകളിൽ പങ്കെടുക്കുന്നത്.
സൗദി-ഹൂത്തി സംഘർഷം ഉൾപ്പെടെയുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ അജണ്ടയാകുമെന്നാണ് വിവരം. സൗദിയും തുർക്കിയും പാകിസ്ഥാനും മക്ക കരാറിന്റെ ഭാഗമായിരിക്കെ ഇറാനിൽ വെച്ച് ഇത്തരമൊരു ചർച്ച നടക്കുന്നത് അന്താരാഷ്ട്ര തലത്തിൽ ഏറെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.
അതിനിടെ സൗദി അറേബ്യയിലെ പ്രമുഖ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ആക്രമണം നടത്തിയെന്ന അവകാശവാദവുമായി ഹൂതി വിമതർ രംഗത്തെത്തി. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ഈസ്റ്റ്-വെസ്റ്റ് ക്രൂഡ് ഓയിൽ പമ്പിങ് സ്റ്റേഷൻ എന്നിവിടങ്ങളിലും രണ്ടിടങ്ങളിലായി സൗദി സഖ്യസേനയുടെ സൈനിക വ്യൂഹത്തിനു നേരെയും ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ നടത്തിയെന്നാണ് ഹൂതികളുടെ അവകാശവാദം.
എന്നാൽ ഹൂതികളുടെ ആക്രമണ നീക്കങ്ങൾക്ക് ശക്തമായ തിരിച്ചടിയാണ് സൗദി സഖ്യസേന നൽകുന്നത്. യെമനിലെ ഹൂതികളുടെ അഞ്ച് ഭൂഗർഭ മിസൈൽ താവളങ്ങൾ സൗദി സേന തകർത്തു. ഹൂതികളുടെ നാല് മിസൈൽ ലോഞ്ചറുകളും ആയുധ സംഭരണ കേന്ദ്രങ്ങളും വ്യോമാക്രമണത്തിൽ തകർത്തതായി സൗദി സഖ്യസേന വ്യക്തമാക്കി.