Banner Ads

സ്മാർട്ട് സിറ്റി സുരക്ഷാ ക്യാമറകൾ പണിമുടക്കിൽ: 40ലേറെ ക്യാമറകൾ പ്രവർത്തനരഹിതം; കുടിശ്ശിക മൂലം ഇന്റർനെറ്റ് വിച്ഛേദിച്ചു

തിരുവനന്തപുരം : സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തലസ്ഥാനത്ത് സ്ഥാപിച്ച സുരക്ഷാ ക്യാമറകളിൽ ഭൂരിഭാഗവും പ്രവർത്തനരഹിതം. വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള 108 ക്യാമറകളിൽ 40ലധികം ക്യാമറകളാണ് പ്രവർത്തിക്കാതെയുള്ളത്. സെക്രട്ടറിയേറ്റിന് ചുറ്റുമുള്ള ക്യാമറകൾ പ്രവർത്തിക്കുന്നില്ല.

ക്യാമറകൾ പ്രവർത്തനരഹിതമായതോടെ പോലീസിന്റെ പ്രധാന കൺട്രോൾ റൂമിലേക്ക് തത്സമയ ദൃശ്യങ്ങൾ ലഭിക്കാത്ത സ്ഥിതിയാണ്. വിഷയത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് പോലീസ് സ്മാർട്ട് സിറ്റി അധികൃതർക്ക് കത്തുകൾ നൽകിയെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അതേസമയം സ്മാർട്ട് സിറ്റി പദ്ധതിയുടെ കരാറുകാർക്ക് തുക കുടിശ്ശിക വരുത്തിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് വിവരം.

ഇന്റർനെറ്റ് സേവനം നൽകുന്ന എംഎസ്പി എന്ന കമ്പനിക്ക് കരാർ തുക നൽകാത്തതിനെ തുടർന്ന് ഇവർ ക്യാമറകളിലേക്കുള്ള ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കുകയായിരുന്നു. സാങ്കേതിക തകരാറുകൾ പരിഹരിക്കുന്നതിലും അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടാകുന്നത്.