
തിരുവനന്തപുരം : നിയമസഭയിൽ വിവിധ വിഷയങ്ങളിൽ ചർച്ച മുറുകുന്നതിനിടെ മുഖ്യമന്ത്രി വി ഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ വീണ്ടും വാക്പോര്. സഭയിൽ സംസാരിക്കുമ്പോൾ ആരെ നോക്കി സംസാരിക്കണം എന്നതിനെ ചൊല്ലിയായിരുന്നു ഇന്നത്തെ തർക്കം.
മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ തന്നെ ആവർത്തിക്കുന്നതിനാൽ ഇനി പ്രതിപക്ഷ നിരയിലേക്ക് നോക്കി സംസാരിക്കാമെന്ന് പിണറായി വിജയൻ പറഞ്ഞതോടെയാണ് തർക്കങ്ങൾക്ക് തുടക്കമായത്. എന്നാൽ ഓരോരുത്തർക്കും സംസാരിക്കാൻ അവരുടേതായ ശൈലിയുണ്ടെന്നും അതിനെ പരിഹസിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു.
102 അംഗങ്ങളുള്ള ഭരണപക്ഷ നിരയിലേക്ക് നോക്കി സംസാരിക്കുന്നതിൽ തങ്ങൾക്ക് അഭിമാനമേയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി. മുൻപ് ഭരണപക്ഷത്തായിരുന്ന പാർട്ടി നിരയെ വെറും 35 സീറ്റുകളിലേക്ക് ഒതുക്കിയതിന്റെ ഉത്തരവാദിത്തമുള്ളതിനാൽ സ്വന്തം പക്ഷത്തേക്ക് നോക്കാൻ പ്രതിപക്ഷ നേതാവിന് മടിയുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
താൻ ആരുടെയും ശൈലിയെ വിമർശിച്ചതല്ലെന്നും താൻ പറഞ്ഞ കാര്യത്തിന്റെ പൊരുൾ മുഖ്യമന്ത്രി മനസ്സിലാക്കണമെന്നും പിണറായി വിജയൻ മറുപടി നൽകി. ഇരു നേതാക്കളും തമ്മിലുള്ള സഭാതർക്കം രൂക്ഷമായതോടെ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇടപെടുകയായിരുന്നു. പരസ്പരം തർക്കിക്കാതെ സഭാ ചട്ടങ്ങൾ പാലിച്ച് സ്പീക്കറെ നോക്കി സംസാരിക്കൂ എന്നായിരുന്നു സ്പീക്കറുടെ മറുപടി.