Banner Ads

സൂര്യ-ജിത്തു മാധവൻ കൂട്ടുകെട്ടിന്റെ സീൻ നവംബർ 6ന് തിയറ്ററുകളിൽ; വില്ലനായി നസ്ലെനും നായികയായി നസ്രിയയും

കൊച്ചി : സൂര്യയും മലയാളം സംവിധായകൻ ജിത്തു മാധവനും ആദ്യമായി ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ സീൻ നവംബർ 6ന് തിയറ്ററുകളിലെത്തും. നസ്രിയ നായികയായി എത്തുന്ന ചിത്രത്തിൽ നടൻ നസ്ലെൻ വില്ലൻ വേഷത്തിലാണ് എത്തുന്നത്.

കഴിഞ്ഞ ദിവസം ദുബായിൽ നടന്ന പ്രൊമോഷൻ പരിപാടിയിലാണ് ചിത്രം തന്റെ കരിയറിലെ ആദ്യ തമിഴ് ചിത്രമാണെന്നും ചിത്രം കണ്ട് താൻ മലയാളത്തിൽ മാത്രം ഒതുങ്ങിനിൽക്കണോ എന്ന് പ്രേക്ഷകർ തീരുമാനിക്കണമെന്നും നസ്ലെൻ വ്യക്തമാക്കിയത്. വ്യത്യസ്തമായൊരു കഥാപാത്രമാണ് ചിത്രത്തിലേതെന്നും പ്രേക്ഷകരുടെ പിന്തുണ വേണമെന്നും നസ്ലെൻ പറഞ്ഞു.

ഗോകുലം ഗോപാലന്റെ ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തിൽ എത്തിക്കുന്നത്. ഴഗരം സ്റ്റുഡിയോസ്, 2D എന്റർടൈൻമെന്റ് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ ജ്യോതികയും സൂര്യയും ചേർന്ന് നിർമ്മിക്കുന്ന ഈ ആക്ഷൻ കോമഡി എന്റർടൈനറുടെ സഹനിർമ്മാതാവ് ജയശ്രീ ദാമോദരനാണ്.

കറുപ്പ്, വിശ്വനാഥ് ആൻഡ് സൺസ് എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം സൂര്യ ഹാട്രിക്ക് ഹിറ്റ് ലക്ഷ്യമിടുന്ന ചിത്രമാണിത്. രോമാഞ്ചം, ആവേശം എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രം കൂടിയാണിത്.

മലയാളി സംഗീത സംവിധായകൻ സുഷിൻ ശ്യാം ആദ്യമായി തമിഴിൽ സംഗീതം ഒരുക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സോണി മ്യൂസിക് സൗത്താണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.