
കൊച്ചി : ചേരാനെല്ലൂരിൽ അമിതവേഗത്തിൽ കാറോടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിക്കാനിടയായ സംഭവത്തിൽ പ്രതിയായ 17കാരൻ സ്ഥിരമായി വാഹനം ഓടിച്ചിരുന്നയാളാണെന്ന് പോലീസ്. സോഷ്യൽ മീഡിയ റീൽസിനായി അതിവേഗതയിൽ കാർ ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കാനാണ് രാത്രി വൈകി വാഹനവുമായി ഇറങ്ങിയതെന്ന് പോലീസ് കണ്ടെത്തി.
അപകടത്തിന് തൊട്ടുമുമ്പ് 17കാരൻ 104 കിലോമീറ്റർ വേഗതയിൽ കാറോടിക്കുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെയാണ് അഡീഷണൽ ജഡ്ജിയുടെ മകനായ 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ (55) മരിച്ചത്.
അപകടത്തിന് പിന്നാലെ കസ്റ്റഡിയിലെടുത്ത 17കാരനെ ഞായറാഴ്ച വൈകിട്ടോടെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ലൈസൻസില്ലാതെ വാഹനമോടിക്കൽ (മോട്ടോർ വാഹന നിയമം 181), അമിതവേഗത (മോട്ടോർ വാഹന നിയമം 183) വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. വാഹന ഉടമയായ അഡീഷണൽ ജഡ്ജിക്കെതിരെ കേസെടുക്കുന്നതിൽ തുടർനടപടികൾ ഇന്ന് ഉണ്ടായേക്കും.
അതേസമയം പ്രതിക്ക് ജാമ്യം നൽകിയതിനെതിരെ കുടുംബാംഗങ്ങൾ ചേരാനല്ലൂർ പോലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ കുത്തിയിരിപ്പ് പ്രതിഷേധത്തിനിടെ മരിച്ച ജയബാലകൃഷ്ണന്റെ മകൾ തളർന്നുവീണു. പോലീസ് നടപടിയിൽ കടുത്ത രോക്ഷത്തിലും പ്രതിഷേധത്തിലുമാണ് കുടുംബം.