
കൊച്ചി : കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസിൽ സിപിഎം നേതാക്കളും പാർട്ടി പ്രതിനിധികളും നൽകിയ വിടുതൽ ഹർജി പരിഗണിക്കുന്നത് ഡിസംബർ അഞ്ചിലേക്ക് മാറ്റി. കൊച്ചി പിഎംഎൽഎ കോടതിയാണ് കേസ് പരിഗണിക്കുന്നത്. വാദമുഖങ്ങൾ അവതരിപ്പിക്കുന്നതിനായി പ്രതിഭാഗം കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.
വിചാരണ തുടങ്ങുന്നതിന് മുൻപ് കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതികൾ വിടുതൽ ഹർജി നൽകിയത്. കേസിൽ 64-ാം പ്രതിയായി സിപിഎം പാർട്ടിയെയാണ് ചേർത്തിരിക്കുന്നത്. കള്ളപ്പണ ഇടപാടിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്നും വിചാരണ നേരിടാനുള്ള തെളിവുകൾ ഇഡിയുടെ പക്കലില്ലെന്നുമാണ് നേതാക്കളുടെ വാദം.
കൂടാതെ ഒരു രാഷ്ട്രീയ പാർട്ടിയെ കള്ളപ്പണ നിരോധന നിയമപ്രകാരം പ്രതിയാക്കാൻ കഴിയില്ലെന്ന വാദവും ഉന്നയിക്കപ്പെടുന്നു. ആവശ്യത്തെ എതിർത്ത് ഇഡി കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ്, മുൻ മന്ത്രി എ സി മൊയ്തീൻ, കെ രാധാകൃഷ്ണൻ തുടങ്ങിയ നേതാക്കളാണ് ഹർജിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.