
തിരുവനന്തപുരം : നാവായിക്കുളത്ത് ക്ഷേത്രത്തിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ പൂജാസാമഗ്രികൾ മോഷ്ടിച്ച കേസിൽ ക്ഷേത്രത്തിലെ പൂജാരി പിടിയിൽ. നാവായിക്കുളം കിഴക്കുംപുറം വലിയ കാരായിക്കോട് ഭഗവതി ക്ഷേത്രത്തിലെ സാമഗ്രികൾ മോഷ്ടിച്ച സംഭവത്തിൽ പാരിപ്പള്ളി മീനമ്പലം സ്വദേശി പ്രിൻസിനെയാണ് (27) കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തത്.
പിത്തള നിലവിളക്കുകൾ, തൂക്കുവിളക്കുകൾ, ചെമ്പ് ഉരുളികൾ, പറ, മണികൾ, പാത്രങ്ങൾ, കെടാവിളക്ക് തുടങ്ങി രണ്ടരലക്ഷം രൂപയോളം വിലവരുന്ന സാമഗ്രികളാണ് പ്രതി കടത്തിയത്. ജൂൺ ഒന്നിനാണ് പ്രിൻസ് ക്ഷേത്രത്തിൽ പൂജാരിയായി ചുമതലയേറ്റത്. തുടർന്ന് പല തവണകളായാണ് ഇയാൾ ക്ഷേത്രത്തിലെ സാമഗ്രികൾ മോഷ്ടിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
നാല് ദിവസത്തെ അവധിയിൽ പ്രിൻസ് പോയ സമയത്ത് പകരം മറ്റൊരു പൂജാരി പൂജയ്ക്കായി എത്തിയപ്പോഴാണ് വിളക്കുകളും പാത്രങ്ങളും അടക്കമുള്ള സാധനങ്ങൾ നഷ്ടപ്പെട്ട വിവരം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ക്ഷേത്രഭാരവാഹികൾ നൽകിയ പരാതിയിൽ കല്ലമ്പലം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.