
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ സൂപ്പർമാർക്കറ്റുകളിലും പലചരക്ക് കടകളിലും വിൽക്കുന്ന കടൽമത്സ്യങ്ങളുടെ ഉത്ഭവസ്ഥാനം വ്യക്തമാക്കുന്ന പുതിയ ലേബലിംഗ് സംവിധാനം നടപ്പിലാക്കാൻ ട്രംപ് ഭരണകൂടം പദ്ധതിയിടുന്നു. ഉപഭോക്താക്കൾക്ക് തങ്ങൾ വാങ്ങുന്ന മത്സ്യം എവിടെനിന്ന് വരുന്നു എന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമാക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.അമേരിക്കൻ തീരങ്ങളിൽനിന്ന് പിടികൂടുന്ന മത്സ്യങ്ങൾക്കായി ‘US Caught Seafood’ എന്ന പുതിയ ലേബൽ അവതരിപ്പിക്കും.
എന്നാൽ ഈ ലേബൽ ഉപയോഗിക്കുന്നത് വ്യാപാരികൾക്ക് നിർബന്ധിതമായിരിക്കില്ല. ഫ്ലോറിഡയിൽ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിൽ ഡൊണാൾഡ് ട്രംപ് അമേരിക്കൻ മത്സ്യബന്ധന മേഖലയെ ലക്ഷ്യമിട്ടുള്ള ഈ സുപ്രധാന പ്രഖ്യാപനങ്ങൾ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.ആഭ്യന്തര മത്സ്യബന്ധന മേഖലയെ ശക്തമാക്കുന്നതിനായി യു.എസ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചർ (USDA) വഴി 5 ബില്യൺ ഡോളറിന്റെ വായ്പാ സഹായവും ഭരണകൂടം ഒരുക്കുന്നുണ്ട്.
പുതിയ മത്സ്യബന്ധന ഉപകരണങ്ങളും സാങ്കേതികവിദ്യകളും വാങ്ങുന്നതിനാണ് ഈ തുക വിനിയോഗിക്കുക.അമേരിക്കൻ വിപണിയിൽ വിൽക്കപ്പെടുന്ന ഭൂരിഭാഗം കടൽമത്സ്യങ്ങളും വിദേശങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നവയാണ്. 2023-ലെ കണക്കുകൾ പ്രകാരം ഏകദേശം 80 ശതമാനം മത്സ്യങ്ങളും (25 ബില്യൺ ഡോളർ മൂല്യം) ഇറക്കുമതി ചെയ്തപ്പോൾ, അമേരിക്കയുടെ സ്വന്തം ആഭ്യന്തര മത്സ്യബന്ധന മേഖലയുടെ മൂല്യം കേവലം 5.1 ബില്യൺ ഡോളർ മാത്രമായിരുന്നു.പുതിയ ലേബലിംഗ് സമ്പ്രദായവും സാമ്പത്തിക സഹായവും വരുന്നതോടെ അമേരിക്കൻ മത്സ്യബന്ധന മേഖലയ്ക്ക് വലിയ ഉണർവ് ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.