
കണ്ണൂർ : തനിക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടികൾ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം കേന്ദ്രനേതൃത്വത്തിന് കത്തയച്ച് പിപി ദിവ്യ. ജനാധിപത്യ മഹിളാ അസോസിയേഷൻ ഭാരവാഹിത്വത്തിൽ നിന്ന് മാറ്റിയതിനെക്കുറിച്ചും കത്തിൽ പരാമർശിക്കുന്നുണ്ട്.
മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ ജില്ലാ സെന്ററിൽ പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നാണ് ദിവ്യയുടെ പരാതി. ജില്ലാ സെക്രട്ടറി പികെ ശ്യാമളയാണ് തന്നെ ജില്ലാ സെന്ററിലെ പ്രവർത്തനങ്ങളിൽ നിന്ന് മാറ്റിയതെന്നും ഇക്കാര്യങ്ങളെല്ലാം വീണ്ടും പരിശോധിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് തൊട്ടുമുമ്പാണ് ദിവ്യ കേന്ദ്രനേതൃത്വത്തിന് കത്തയച്ചത്. കത്ത് ലഭിച്ചെന്നും വിഷയം ചർച്ച ചെയ്യാമെന്നും സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി അറിയിച്ചു. ദിവ്യയുമായി ഫോണിൽ സംസാരിച്ചതായും അദ്ദേഹം വ്യക്തമാക്കി.
എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെയാണ് പിപി ദിവ്യയെ കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഇരിണാവ് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയത്.