
ദില്ലി : വ്യക്തിപരമായ ആവശ്യങ്ങൾക്കായി വിയറ്റ്നാമിലേക്ക് പോയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നാളെ തിരിച്ചെത്തിയേക്കും. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിയറ്റ്നാമിലുള്ള അദ്ദേഹം നാളെയോടെ ഡൽഹിയിൽ എത്തും എന്നാണ് കോൺഗ്രസ് കേന്ദ്രങ്ങൾ നൽകുന്ന സൂചന.
അതേസമയം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഇന്ത്യ മുന്നണി രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ശക്തമാക്കുന്നതിനിടെയുള്ള രാഹുലിന്റെ വിദേശ യാത്ര രാഷ്ട്രീയ ആയുധമാക്കി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്ത് പ്രതിഷേധങ്ങൾക്ക് തിരി കൊളുത്തിയ ശേഷം രാഹുൽ ഗാന്ധി വിദേശത്തേക്ക് അവധി ആഘോഷിക്കാൻ പോയെന്നാണ് ബിജെപിയുടെ ആരോപണം.
നേരത്തെ രാഹുൽ ഗാന്ധിയുടെ വിയറ്റ്നാം യാത്രയെക്കുറിച്ചുള്ള ചോദ്യങ്ങളോട് ശശി തരൂർ എംപി നടത്തിയ പ്രതികരണവും വിവാദമായിരുന്നു. താനൊരു ട്രാവൽ ഏജന്റല്ലെന്നും ഇത്തരത്തിലുള്ള ചോദ്യങ്ങൾ തന്നോട് ചോദിച്ചിട്ട് കാര്യമില്ലെന്നുമായിരുന്നു തരൂരിന്റെ മറുപടി.