
കോഴിക്കോട് : നാദാപുരം താലൂക്ക് ആശുപത്രിയിൽ പതിനൊന്നുകാരന്റെ കേടായ പല്ലിന് പകരം മറ്റൊരു പല്ല് എടുത്തതായി പരാതി. സംഭവത്തിൽ കുടുംബം നാദാപുരം പോലീസിൽ പരാതി നൽകി. കുട്ടിയും അമ്മയും ചേർന്ന് പല്ല് എടുക്കുന്നതിനായാണ് ആശുപത്രിയിലെത്തിയത്. പല്ലെടുത്ത ശേഷം വെച്ചിരിക്കുന്ന പഞ്ഞി പിന്നീട് എടുത്തു കളഞ്ഞാൽ മതിയെന്നാണ് ഡോക്ടർ നിർദ്ദേശിച്ചത്.
വീട്ടിലെത്തി പഞ്ഞി എടുത്തുമാറ്റിയപ്പോഴാണ് കേടായ പല്ലിന് പകരം മറ്റൊരു പല്ലാണ് എടുത്തതെന്ന് മനസ്സിലായത്. തുടർന്ന് അമ്മ ആശുപത്രിയിലെത്തി ഡോക്ടറെ കണ്ട് സംഭവിച്ചതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ മറ്റേ പല്ല് കൂടി എടുത്തുതരാം എന്നാണ് ഡോക്ടർ മറുപടി നൽകിയതെന്ന് അമ്മ പറയുന്നു.
തുടർന്ന് ആശുപത്രി സൂപ്രണ്ടിനെ കണ്ട് പരാതി അറിയിച്ചെങ്കിലും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും ആരോപണമുണ്ട്. പിന്നീട് കേടുള്ള പല്ല് ഇപ്പോൾ എടുക്കാൻ കഴിയില്ലെന്നും അതിനുള്ള മരുന്ന് നൽകിയിട്ടുണ്ടെന്നും പറഞ്ഞെങ്കിലും കുട്ടിക്ക് നൽകിയത് പാരസെറ്റാമോൾ മാത്രമാണെന്നും കുടുംബം വ്യക്തമാക്കി.