Banner Ads

കോവളം സ്പാ കേസ്: പ്രത്യേക അന്വേഷണ സംഘം ഇന്ന് ആന്ധ്രപ്രദേശിലേക്ക്; സ്കൂളിലും ബന്ധുക്കളിൽ നിന്നും തെളിവെടുക്കും

തിരുവനന്തപുരം : കോവളം സ്പാ പീഡന കേസിൽ നിർണ്ണായക നീക്കങ്ങളുമായി പ്രത്യേക അന്വേഷണ സംഘം. ഉദ്യോഗസ്ഥർ ഇന്ന് ആന്ധ്രപ്രദേശിലേക്ക് തിരിക്കും. ഇരയായ പതിനാറുകാരി പഠിച്ച സ്കൂളിൽ തെളിവെടുപ്പ് നടത്താനും പെൺകുട്ടിയുടെ സഹോദരിയുടെ മൊഴി രേഖപ്പെടുത്താനുമാണ് സംഘം ആന്ധ്രയിലേക്ക് പോകുന്നത്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിട്ടുണ്ട്.

കൺട്രോൾ റൂം എസിപി സി ചന്ദ്രകുമാറാണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥൻ. അന്തർ സംസ്ഥാന ബന്ധം സ്ഥിരീകരിച്ചതിനെ തുടർന്നാണ് മുതിർന്ന ഉദ്യോഗസ്ഥന് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. ആന്ധ്ര സ്വദേശിയായ പെൺകുട്ടിയെ എങ്ങനെ തലസ്ഥാനത്തെ സ്പാകളിൽ എത്തിച്ചു? ഇടനിലക്കാരായി പ്രവർത്തിച്ചവരാണ് തുടങ്ങിയ വിവരങ്ങൾ സംഘം അന്വേഷിക്കും.

അറസ്റ്റിലായ അഞ്ചുപേരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. സ്പായുടെ യഥാർത്ഥ ഉടമയായ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എംഒ അനുരൂപ്, രണ്ട് സ്പാ ജീവനക്കാർ, കുട്ടിയെ എത്തിച്ച ദമ്പതികൾ എന്നിവരുടെ ഫോൺ കോളുകളും പണമിടപാടുകളും പൊലീസ് പരിശോധിച്ചുവരികയാണ്. ചെന്നൈയിലും കേരളത്തിലും കുട്ടിയെ എത്തിച്ചതിന് പിന്നിൽ വലിയൊരു റാക്കറ്റ് പ്രവർത്തിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ സംശയം.

കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടും കുട്ടിയെ പലർക്കും കാഴ്ചവെച്ചതായി വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കുട്ടിയെ വീണ്ടും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലുള്ള കുട്ടിയെ ഐജി നേരിട്ടുകണ്ട് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

പെൺകുട്ടിയെ ചെന്നൈ ചെങ്കൽപ്പെട്ടിൽ വിറ്റത് ഏത് സ്പായിലാണെന്ന് കണ്ടെത്താൻ ചെന്നൈയിൽ എത്തിച്ച് തെളിവെടുപ്പ് നടത്താൻ താംബരം പൊലീസ് അനുമതി തേടിയിരുന്നെങ്കിലും തുടർച്ചയായ മൊഴിയെടുപ്പും തെളിവെടുപ്പും കഴിഞ്ഞതിനാൽ കുട്ടിയെ അവിടേക്ക് കൊണ്ടുപോകാൻ സിഡബ്ല്യുസി അനുമതി നൽകിയേക്കില്ല.