
കൊച്ചി : നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ കാർ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് അപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബം. അഡ്വ ജോൺ എസ് റാൽഫിന്റെ പേര് നിർദേശിച്ച് കുടുംബം മുഖ്യമന്ത്രിക്ക് കത്ത് നൽകി.
അതേസമയം കേസിൽ അറസ്റ്റിലായ പ്രതിയുടെ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതിയുടെ പരിഗണനയിലാണ്. അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യം തള്ളിയതിനെ തുടർന്ന് പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷ സമർപ്പിക്കും.
അതേസമയം അപകടത്തിൽ മരിച്ച ദേവികയുടെ വയനാട് മടക്കിമലയിലെ വീട്ടിലെത്തി പ്രത്യേക അന്വേഷണസംഘം മൊഴിയെടുത്തു. ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചത്.
വരും ദിവസങ്ങളിൽ പാലക്കാട് സ്വദേശി ഗോപികയുടെയും കർണാടക സ്വദേശി ഇയാസിന്റെയും ബന്ധുക്കളുടെ മൊഴിയും രേഖപ്പെടുത്തും. കേസ് അട്ടിമറിക്കപ്പെടുമോ എന്ന ആശങ്ക ദേവികയുടെ കുടുംബം അന്വേഷണ സംഘത്തെ അറിയിച്ചെങ്കിലും നിലവിലെ അന്വേഷണത്തിൽ തൃപ്തരാണെന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
ഒക്ടോബർ 11ന് പുലർച്ചെയുണ്ടായ അപകടത്തിൽ വയനാട് സ്വദേശിനി ദേവിക സന്തോഷ്, പാലക്കാട് സ്വദേശിനി ഗോപിക, കർണാടക സുള്യ സ്വദേശി ഇയാസ് എന്നിവരാണ് തൽക്ഷണം മരിച്ചത്. അമിതവേഗതയിലെത്തിയ മിനികൂപ്പർ ഇവർ സഞ്ചരിച്ച സ്കൂട്ടറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
സംഭവത്തിൽ 19കാരനായ സുഹൈൽ സജീവിനെതിരെ നെടുമ്പാശ്ശേരി പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കുറ്റകരമായ നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.