
കൊല്ലം: ഹോട്ടൽ മുറിയിൽ കഞ്ചാവ് സൂക്ഷിച്ച സംഭവത്തിൽ യുവ ഡോക്ടറെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം പട്ടം സ്വദേശിയായ ഡോ. അജാസ് ഖാൻ (29) ആണ് കൊല്ലത്ത് പിടിയിലായത്. ലഹരിവസ്തു കൈവശം വച്ചതിനും പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും സഹപ്രവർത്തകയായ യുവ ഡോക്ടറെ ആക്രമിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തു.
കൊല്ലം കോട്ടമുക്കിലെ സ്വകാര്യ ഹോട്ടലിൽ നിന്നാണ് സംഭവം. വെണ്ണല സ്വദേശിനിയും ജില്ലാ ആശുപത്രിയിലെ ഹൗസ് സർജനുമായ യുവതിയും അജാസ് ഖാനും ഒരുമിച്ചാണ് ഇവിടെ മുറിയെടുത്തിരുന്നത്. താമസത്തിനിടെ ഇരുവരും തമ്മിൽ രൂക്ഷമായ തർക്കവും കൈയാങ്കളിയുമുണ്ടായി.
ബഹളം കേട്ട ഹോട്ടൽ ജീവനക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്.സ്ഥലത്തെത്തിയ പൊലീസിന് നേരെ അജാസ് ഖാൻ തട്ടിക്കയറുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്ന് പൊലീസ് മുറിയിൽ നടത്തിയ വിശദമായ പരിശോധനയിലാണ് ഉപയോഗിക്കാനായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെടുത്തത്.
കഞ്ചാവ് കൈവശം വച്ചതിന് അജാസ് ഖാനെതിരെയും ഒപ്പമുണ്ടായിരുന്ന യുവതിക്കെതിരെയും എൻ.ഡി.പി.എസ് (NDPS) നിയമപ്രകാരം കേസെടുത്ത ശേഷം ഇരുവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എന്നാൽ, തനിക്ക് നേരെ അതിക്രമം കാട്ടിയെന്ന ലേഡി ഡോക്ടറുടെ പരാതിയിലും, പൊലീസുകാരെ ആക്രമിച്ചതിനും ഡോ. അജാസ് ഖാനെതിരെ വെവ്വേറെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.