
ദില്ലി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിദേശയാത്രയെച്ചൊല്ലി ബിജെപിയും കോൺഗ്രസും തമ്മിലുള്ള രാഷ്ട്രീയപ്പോര് കടുക്കുന്നു. സർക്കാരിനെതിരെയുള്ള ദില്ലി ചലോ പ്രതിഷേധത്തിന് രാഹുലിന്റെ ആഹ്വാനം കേട്ടെത്തിയ സാധാരണക്കാർ തീഹാർ ജയിലിലാവുകയും രാഹുൽ വിദേശത്ത് സുഖവാസത്തിലുമാണെന്ന് ബിജെപി പരിഹസിച്ചു.
പാർലമെന്റ് സമ്മേളനകാലത്ത് പ്രധാനമന്ത്രി വിദേശ പര്യടനം നടത്താറുണ്ടെന്നും ചുമതലകൾ പൂർത്തിയാക്കിയ ശേഷമാണ് രാഹുൽ യാത്ര പോയതെന്നും കോൺഗ്രസ് തിരിച്ചടിച്ചു. അതേസമയം അഭിപ്രായം പറയാൻ താൻ ട്രാവൽ ഏജന്റല്ല എന്ന് പ്രതികരിച്ച് ശശി തരൂർ എംപി വിവാദത്തിൽ നിന്ന് ഒഴിഞ്ഞുമാറി.
ഗോവയിൽ നടന്ന കോൺഗ്രസ് റാലിക്ക് ശേഷം രാഹുൽ ഡൽഹിയിലേക്ക് മടങ്ങിയിരുന്നില്ല. തുടർന്ന് വിമാനത്തിലിരിക്കുന്ന അദ്ദേഹത്തിന്റെ ദൃശ്യങ്ങൾ ബിജെപി നേതാക്കളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് പുറത്തുവന്നത്. രാഹുലിന്റെ പതിവ് യാത്ര ഇത്തവണ വിയറ്റ്നാമിലേക്കാണെന്ന കുറിപ്പോടെയാണ് ദൃശ്യങ്ങൾ പ്രചരിച്ചത്.
തുടർന്ന് ട്രോളുകളുമായി ബിജെപി നേതാക്കൾ രംഗത്തെത്തി. തങ്ങളുടെ നുണകൾ പറഞ്ഞു മടുത്തതിനാൽ ചെറിയൊരു അവധി ആഘോഷിക്കാൻ പോയതാണെന്ന് ബിജെപി പരിഹസിക്കുകയും യാത്രയുടെ പൂർണ്ണ വിവരങ്ങൾ പുറത്തുവിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. യാത്രയെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ കോൺഗ്രസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
രാഹുൽ വിദേശത്താണെന്നും ഏതാനും ദിവസങ്ങൾക്കകം തിരിച്ചെത്തുമെന്നും മാത്രമാണ് പാർട്ടി വ്യക്തമാക്കുന്നത്. യാത്രയുടെ ലക്ഷ്യമോ സ്ഥലമോ നേതാക്കൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സ് വഴി വിവിധ വിഷയങ്ങളിൽ രാഹുലിന്റെ പ്രതികരണങ്ങൾ വരുന്നുണ്ട്.
അതേസമയം ഇന്ത്യാ സഖ്യത്തിലെ നേതാക്കൾ രാഹുലിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. യാത്രയെ വ്യക്തിപരമായ ഒന്നായി മാത്രം കണ്ടാൽ മതിയെന്ന് എൻസിപി നേതാവ് സുപ്രിയ സുലെ പ്രതികരിച്ചു. സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബിയും രാഹുൽ ഗാന്ധിയെ പിന്തുണച്ച് സംസാരിച്ചു.