
ദില്ലി : രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഡാറ്റാ ചോർച്ച. ഏകദേശം 3897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളാണ് ഡാർക്ക് വെബിൽ ചോർന്നത്. 375000ത്തോളം രേഖകളിൽ നടത്തിയ പരിശോധനയിലാണ് വിവരച്ചോർച്ച കണ്ടെത്തിയത്.
ഉപഭോക്താക്കളുടെ പേര്, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ, ഇമെയിൽ വിലാസം, ശാഖയുടെ വിവരങ്ങൾ, സിഐഎഫ് തിരിച്ചറിയൽ നമ്പറുകൾ, വായ്പയുമായി ബന്ധപ്പെട്ട രേഖകൾ, താമസസ്ഥലത്തെ വിലാസം തുടങ്ങിയ വിവരങ്ങളാണ് ചോർന്നിട്ടുള്ളത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.
ഉപഭോക്താക്കളുടെ ഡാറ്റ ചോർന്നുവെങ്കിലും ഇത് ബാങ്കിന്റെ വാണിജ്യ പ്രവർത്തനങ്ങളെയോ പണമിടപാടുകളെയോ ബാധിക്കില്ലെന്ന് എസ്ബിഐ വ്യക്തമാക്കി. എങ്കിലും ബാങ്കിന്റെ ഭാഗത്തുനിന്നുമുണ്ടായ ഈ വലിയ സുരക്ഷാ വീഴ്ച ഉപഭോക്താക്കൾക്കിടയിൽ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.