Banner Ads

നാടെങ്ങും ഹരിശ്രീ മന്ത്രം: വിജയദശമി നാളിൽ അക്ഷരമുറ്റത്തേക്ക് ആയിരക്കണക്കിന് കുരുന്നുകൾ

തിരുവനന്തപുരം : വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിച്ച് സംസ്ഥാനത്തെ കുരുന്നുകൾ വിദ്യയുടെ ലോകത്തേക്ക് ചുവടുവെച്ചു. അക്ഷരപൂജയിലൂടെ അറിവിനെയും ആയുധപൂജയിലൂടെ തൊഴിലിനെയും കലയേയും ഉപാസിക്കുന്ന വിജയദശമി ദിനത്തിൽ പ്രധാന ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

ദക്ഷിണമൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിൽ പുലർച്ചെ നാലുമണിയോടെ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. പ്രശസ്തമായ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് ഭക്തരാണ് ഇവിടെ എത്തിച്ചേർന്നിട്ടുള്ളത്.

തിരൂർ തുഞ്ചൻ പറമ്പിൽ രാവിലെ അഞ്ചരയോടെ ഗുരുക്കന്മാരുടെ നേതൃത്വത്തിൽ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തിത്തുടങ്ങി. പൂജപ്പുര സരസ്വതി മണ്ഡപത്തിലും ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിലെ സരസ്വതി മണ്ഡപത്തിലും വലിയ തിരക്കാണ് ഉള്ളത്. പൂജപ്പുരയിൽ ചാണ്ടി ഉമ്മൻ എംഎൽഎ അതിരാവിലെ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു നൽകി.

വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ, ഐരാണിമുട്ടം തുഞ്ചൻ സ്മാരകം എന്നിവിടങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി വിഡി സതീശൻ പറവൂരിലെ തൻ്റെ ഓഫീസിൽ വെച്ച് കുട്ടികളെ എഴുത്തിനിരുത്തി.