Banner Ads

രാജ്യത്തെ ജാതി സെൻസസ് ബി.ജെ.പി സർക്കാർ വൈകിപ്പിക്കുന്നു ; ജയറാം രമേശ്

ന്യൂഡല്‍ഹി : രാജ്യത്തെ ജാതി സെൻസസ് ബി.ജെ.പി സർക്കാർ അനന്തമായി വൈകിപ്പിക്കുന്നതില്‍ വിമർശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ്.  ശ്രീലങ്ക ഏറ്റവും പുതിയ ജനസംഖ്യാ, പാർപ്പിട സെൻസസ് തിങ്കളാഴ്ച ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചതായി ജയറാം രമേശ് ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയ മാറ്റത്തിനും സാമ്പത്തിക പ്രതിസന്ധിക്കും ഇടയിലായിരുന്നിട്ടുപോലും ശ്രീലങ്ക ഇത്തരമൊരു കാര്യം ചെയ്യുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സെൻസസിൽ ഉണ്ടാകുന്ന കാലതാമസം അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യം ചോദിച്ച രമേശ്, ജാതികള്‍ എണ്ണി വ്യക്തതത വരുത്തിയാല്‍ മാത്രമേ വിദ്യാഭ്യാസത്തിലും തൊഴിലിലും സമ്പൂർണവും അർത്ഥവത്തായതുമായ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി ഉറപ്പാക്കാനായി കഴിയൂ എന്നും പറഞ്ഞു.

2012ലാണ് അവസാനമായി ശ്രീലങ്കയിൽ സെൻസസ് ന്ടന്നത്.  അത് അവർ തിങ്കളാഴ്ച വീണ്ടും ആരംഭിക്കുന്നു. എന്നാല്‍, ഇന്ത്യയുടെ കാര്യമോ? പത്തുവർഷത്തെ സെൻസസ് 2021ല്‍ നടക്കേണ്ടതായിരുന്നു.  എന്നാൽ അത് സംഭവിക്കുന്നതിന്‍റെ ഒരു ലക്ഷണവും ഇപ്പോൾ കാണുന്നില്ല. എന്തുകൊണ്ടാണ് ‘അജൈവ’ പ്രധാനമന്ത്രി സെൻസസ് ദീർഘിപ്പിക്കുന്നത്? എന്നാണ് എക്സിലെ പോസ്റ്റില്‍ രമേശ് ഉന്നയിച്ചത്.

2013ലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം അല്ലെങ്കില്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന അനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ 10 കോടിയിൽ കൂടുതൽ ഇന്ത്യക്കാർക്ക് അവഗണിക്കപ്പെടുന്നു. 2011ലെ സെൻസസ് കണക്കെടുപ്പ് ഇപ്പോഴും ഉപയോഗിച്ച്പോരുന്നതാണ് അതിനു കാരണമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസും മറ്റെല്ലാ രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെടുന്നത് പോലെ സെൻസസില്‍ ജാതിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ കൂട്ടിയോജിപ്പിക്കുന്നതിനെക്കുറിച്ച്‌ എന്താണ് കേന്ദ്രത്തിന്‍റെ അഭിപ്രായമെന്നും അദ്ദേഹം ചോദിച്ചു. 1951 മുതല്‍ ഓരോ പത്ത് വർഷത്തിലും പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളുടെ കൃത്യമായ കണക്കെടുപ്പ് നടക്കുന്നുണ്ട്.  ഇപ്പോള്‍ ആവശ്യം ഒ.ബി.സികളുടെയും മറ്റ് ജാതികളുടെയും സമാനമായ വിശദമായ കണക്കാണ് എന്ന് രമേശ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *