
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരായ മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ഊർജ്ജിതമാക്കി. പിണറായിയുടെ ചോദ്യം ചെയ്യലിനായി ഇഡിയുടെ സ്പെഷ്യൽ ഡയറക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ദില്ലിയിൽ നിന്നും കൊച്ചിയിലെത്തും
കേസിന്റെ തുടർനടപടികൾ അതീവ ശ്രദ്ധയോടെയാണ് ഇഡി മുന്നോട്ട് കൊണ്ടുപോകുന്നത്. ഇതിന്റെ ഭാഗമായാണ് തിരുവനന്തപുരത്തുള്ള പിണറായി വിജയന്റെ സ്വകാര്യ വസതിയിലെത്തി ഉദ്യോഗസ്ഥർ സമൻസ് ചുവരിൽ പതിപ്പിച്ചത്. തപാൽ വഴി അയച്ചാൽ സമൻസ് കൈപ്പറ്റിയില്ലെന്നോ ലഭിച്ചില്ലെന്നോ പറഞ്ഞ് ഒഴിയാനുള്ള സാധ്യത ഒഴിവാക്കാനാണ് ഇത്തരമൊരു നീക്കം നടത്തിയത്.
മ്യൂസിയം പോലീസിനെ സാക്ഷിയായി വിളിച്ചുവരുത്തിയ ശേഷമാണ് വീടിന്റെ ചുമരിൽ നോട്ടീസ് ഒട്ടിച്ചത്. ആരുമില്ലാത്ത സമയത്ത് വീടിന്റെ ചുമരിൽ സമൻസ് പതിപ്പിച്ചതിൽ യാതൊരു അസ്വാഭാവികതയുമില്ലെന്ന് ഇഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി.